കൊച്ചി: കഥകളിൽ കഥാകൃത്തിന്റെ നിഴൽ ഒഴിവാക്കാൻ വലിയ പരിശ്രമം വേണമെന്ന് എഴുത്തുകാരൻ ജി. ആർ. ഇന്ദുഗോപൻ പറഞ്ഞു. തന്നേക്കാൾ ഉയർന്ന ബൗദ്ധിക നിലവാരത്തിലുള്ളവരും അനുഭവമുള്ളവരുമായ കഥാപാത്രങ്ങളെ രചിക്കേണ്ടിവരുമ്പോൾ അതിൽ സ്വന്തം നിഴൽ വരുന്നത് അരോചകമാണ്. കഥാകൃത്തിനെ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കേണ്ടി വരും. ഗൂഗിളിൽ ഇല്ലാത്ത ജീവിതം കണ്ടെത്താനുള്ള ശ്രമമാണ് ലിറ്ററേച്ചർ എന്നും അദ്ദേഹം പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കഥാപാത്രമാവുന്ന കഥാകൃത്ത് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദുഗോപൻ.
എഴുതുന്ന ആൾ ഇവിടെയുണ്ട് എന്ന ചിന്തയാണ് എഴുത്തിന് പിന്നിലെ കാര്യമെന്ന് കഥാകൃത്ത് ബി. മുരളി പറഞ്ഞു. നല്ല കഥാപാത്രങ്ങളും ചീത്ത കഥാപാത്രങ്ങളും തമ്മിലെ സംഭാഷണങ്ങൾ വരുമ്പോൾ അതിനിടയിൽ എവിടെയോ ആണ് കഥാകൃത്ത്.
സ്വന്തം കഥയിൽ താൻ മൊത്തത്തിൽ ഇല്ല. പക്ഷേ ഒരു തരി ഉണ്ടാവും. ഓരോ കഥാപാത്രവും കഥാകൃത്തിന്റെ ചോരയാണ്.കഥാകൃത്തിന്റെ ആത്മാശം കഥാവഴിയിൽ എവിടെയെങ്കിലും ഉണ്ടാവുമെന്ന് അശ്വതി ശശികുമാർ പറഞ്ഞു. കഥാകൃത്ത് കഥയിലെ സർവാധികാരിയാവുന്നതിനുള്ള ഉദാഹരണങ്ങളാണ് ഇതിഹാസ ഗ്രന്ഥങ്ങളിലടക്കം ഉള്ളതെന്ന് ഷിനിലാൽ അഭിപ്രായപ്പെട്ടു.
കഥ എഴുതുമ്പോൾ കഥാകാരൻ ഇരട്ടജീവിയാണെന്ന് ജേക്കബ് എബ്രഹാം പറഞ്ഞു. കഥയെഴുതുമ്പോൾ എഴുത്തുകാരൻ സ്വയം ഒരു കഥാപാത്രം കൂടിയാകുന്നു. ഈ ഇരട്ട ജീവിതമാണ് കഥാകൃത്തിനെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.