പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിന്റെ ‘എന്റെ ഗ്രാമം ശുചിത്വഗ്രാമം’ പദ്ധതി വിജയത്തിലേക്ക്. ഗ്രാമവാസികളുടെ സഹകരണവും അധികൃതരുടെ ഉത്സാഹവും മാലിന്യശേഖരണം വേഗത്തിലാകുന്നു. ഖര, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിനും സംസ്കരണത്തിനുമായി ശുചിത്വമിഷന്റെ അംഗീകാരമുള്ള ഏജൻസിക്ക് കൈമാറുകയാണ്. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ശേഖരിച്ച മാലിന്യങ്ങളുമായി വാഹനങ്ങൾ പോയിത്തുടങ്ങി.
മലപ്പുറം കേന്ദ്രമായ ‘എക്കോ ഗ്രീൻ’ എന്ന ഏജൻസിയാണ് മാലിന്യങ്ങൾ കൊണ്ടുപോകുന്നത്.
പഞ്ചായത്തിലെ 17 വാർഡുകളിലും മാലിന്യശേഖരണവും ശുചീകരണവും ദ്രുതഗതിയിൽ നടന്നുവരികയാണ്. ഓരോ വാർഡിലും സജ്ജീകരിച്ച ശേഖരണ കേന്ദ്രങ്ങളിൽ ജനങ്ങൾ മാലിന്യങ്ങൾ കൊണ്ടുവന്നുകൊടുക്കുന്നു. മാലിന്യശേഖരണത്തിനും ശുചീകരണത്തിനും നേതൃത്വം നൽകി ചില കൂട്ടായ്മകൾ പഞ്ചായത്തിൽ രംഗത്തുണ്ട്. വാട്സാപ്പ് കൂട്ടായ്മകളും ഫേയ്സ്ബുക്ക് പേജുകളും ഇതുസംബന്ധിച്ചുള്ള വിവരങ്ങളും അറിയിപ്പുകളും പോസ്റ്റ് ചെയ്യുന്നത് ഗ്രാമവാസികൾക്ക് സഹായമാകുന്നു.
നാല് ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് മാറ്റിവച്ചിരിക്കുന്നത്. ഒരു കിലോഗ്രാം മാലിന്യം കൊണ്ടുപോകുന്നതിന് ഏജൻസിക്ക് 6.10 രൂപ നൽകും. പ്ലാസ്റ്റിക്, ടയർ, പുസ്തകം, ബാഗ്, ഫ്ലക്സ്, ചെരുപ്പ്, ബൾബ്, ട്യൂബ് ലൈറ്റ്, തുണി, കുപ്പി, കുപ്പിച്ചില്ല്, മറ്റു ചില്ലുകൾ, ടിന്നുകൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവയാണ് എടുക്കുക. ശേഖരിച്ച മുഴുവൻ മാലിന്യങ്ങളും നാളെ (വെള്ളി) പഞ്ചായത്തിൽ നിന്നു നീക്കം ചെയ്യും. ഇതോടെ ഒന്നാംഘട്ടം പൂർത്തിയാകും. രണ്ടാം ഘട്ടമായി മാർച്ച് മുതൽ ഹരിതകർമസേന അംഗങ്ങൾ വീടുകളിൽ നിന്ന് മാലിന്യശേഖരണം നടത്തും.