പറവൂർ : മാർക്കറ്റ് റോഡിലൂടെ പോകുമ്പോൾ സൂക്ഷിച്ച് പോയില്ലെങ്കിൽ കാനയിൽ വീഴും. ഇവിടെയുള്ള കാനയുടെ സ്ലാബുകൾ തകർന്നു കിടക്കുകയാണ്. മാർക്കറ്റ് ഭാഗത്തുനിന്നും കണ്ണൻകുളങ്ങരയിലേക്കു വരുമ്പോൾ വലതുവശത്തു യാക്കോബായ പള്ളിയിലേക്ക് തിരിയുന്ന ഇടവഴി തുടങ്ങുന്നിടത്താണ് അപകടക്കെണിയുള്ളത്. കാനയുടെ സ്ലാബ് പൊട്ടിപ്പൊളിഞ്ഞിട്ടു വർഷങ്ങളായി. പ്രദേശവാസികൾ പലതവണ പൊതുമരാമത്ത്, ദേശീയപാത, നഗരസഭ അധികൃതർക്ക് പരാതി കൊടുത്തിട്ടും നടപടിയില്ല.
റോഡിനോട് ചേർത്ത് വാഹനങ്ങൾ എടുക്കുമ്പോൾ കാനയിൽപ്പെട്ട് അപകടങ്ങളുണ്ടായിട്ടുണ്ട്. ദേശീയപാതയായതിനാൽ ബസുകളും ലോറികളുമടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ്. ഡ്രൈവർമാർ അപകടക്കുഴി തിരിച്ചറിഞ്ഞില്ലെങ്കിൽ ദുരന്തം ഉറപ്പാണ്. റോഡിനു വീതി കുറവായത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. വെളിച്ചമില്ലാത്തതിനാൽ രാത്രിയിലാണ് അപകടസാദ്ധ്യത കൂടുതൽ. മാർക്കറ്റ് ദിവസമായ ചൊവ്വ, വെള്ളി ദിവസങ്ങളിൽ റോഡിൽ വലിയതിരക്കാണ്. മൂന്നു സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ പതിവ് സഞ്ചാരപാതയുമാണിത്. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.