ആലുവ: ശിവരാത്രി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് ആലുവക്കാർ. എന്നാൽ ഇങ്ങോട്ടെത്തുന്നവരെ കാത്തിരിക്കുന്നത് തകർന്ന റോഡുകളാണ്. വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. ശിവരാത്രി എത്തുന്നതിന് മുമ്പേ ആലുവ നഗരത്തിലെ റോഡുകളിലെ ചെറുതും വലുതുമായ എല്ലാ റോഡുകളും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്നതായിരുന്നു ഇതുവരെയുള്ള കീഴ് വഴക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശിവരാത്രി ബലിതർപ്പണത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ വരവേൽക്കുന്നതിന്റെ ഭാഗമായിട്ടാണ് റോഡുകളുടെ അറ്റകുറ്റപ്പണിയും ശിവരാത്രിക്ക് മുമ്പേ തീർക്കുന്നത്.
ഏത് മുന്നണി ഭരിച്ചാലും ശിവരാത്രിക്ക് മുമ്പ് റോഡുകൾ നന്നാക്കിയിരിക്കും. ഇക്കുറി ഇതിനെല്ലാം കടകവിരുദ്ധമായ നടപടികളാണ് നടക്കുന്നത്.
# പാരയായത് ഭൂഗർഭ വൈദ്യുതി ലൈൻ വലിക്കൽ
നഗരത്തിലെ റോഡുകളെല്ലാം കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും ചേർന്ന് തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ടാറിംഗ് പൂർത്തിയായ റോഡുകൾ പോലും ജെ.സി.ബി ഉപയോഗിച്ച് തകർത്തു. മൂന്നാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് മൂന്നുമാസം മുമ്പ് ആരംഭിച്ച കെ.എസ്.ഇ.ബിയുടെ ഭൂഗർഭ വൈദ്യുതി ലൈൻ വലിക്കുന്ന നടപടികളാണ് എല്ലാം കുഴപ്പത്തിലാക്കിയത്. ജെ.സി.ബി ഉപയോഗിച്ച് തലങ്ങും വിലങ്ങും കുഴിയെടുത്തപ്പോൾ വാട്ടർ അതോറിട്ടിയുടെ കുടിവെള്ളപൈപ്പുകളും തകർന്നു. ഇവ അറ്റകുറ്റപ്പണി നടത്താൻ എല്ലായിടത്തും കുഴിയുടെ വലിപ്പം ഇരട്ടിയാക്കേണ്ടി വന്നു. ഇതിനിടയിൽ കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും തമ്മിലുള്ള തർക്കം അറ്റകുറ്റപ്പണിപോലും വൈകിപ്പിച്ചു. ഇതിന്റെ ഭാഗമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്നുള്ള പ്രശ്നങ്ങൾ വേറെയും.
# കുഴികളെടുത്ത് വൃത്തികേടാക്കിയ റോഡുകൾ
ശിവരാത്രി ആഘോഷിക്കാൻ ഇതര ജില്ലകളിൽ നിന്നെത്തുന്നവർക്ക് മുമ്പിൽ ആലുവക്കാർ തലകുനിച്ച് നിൽക്കേണ്ട അവസ്ഥയാണ്. അത്രയേറെ ദുരവസ്ഥയാണ് നഗരത്തിലെ റോഡുകൾക്ക്. പ്രധാന റോഡുകളിലെല്ലാം കുഴികളെടുത്ത് വൃത്തികേടാക്കി. റോഡിന്റെ മദ്ധ്യഭാഗത്തുപോലും വൻ കുഴികളെടുത്തു. പിന്നീട് മണ്ണിട്ട് മൂടുന്നതല്ലാതെ ടാറിംഗ് നടത്താൻ വൈകുന്നതാണ് പ്രധാന പ്രതിസന്ധി. ഇതേത്തുടർന്ന് പൊടിശല്യം അതിരൂക്ഷമാണ്. നഗരത്തിലെ വ്യാപാരികളും കാൽനട യാത്രക്കാരുമെല്ലാം പൊടിയിൽ മുങ്ങുകയാണ്. വെള്ളം തളിക്കാൻ പോലും ആളില്ല. ഇരുചക്ര വാഹന യാത്രക്കാർ മണ്ണിൽ തെന്നി മറിയുന്നതും പതിവ് കാഴ്ചയായി.