മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസ് എമ്മിലെ ലിസി ജോളി തിരഞ്ഞെടുക്കപ്പെട്ടു. കേരളാ കോൺഗ്രസിലെ ജോസഫ്,ജോസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ നിന്നും ജോസ് വിഭാഗത്തിലെ അഡ്വ.ചിന്നമ്മ ഷൈൻ വിട്ടു നിന്നു. യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിച്ച ലിസി ജോളിക്ക് 7 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സ്മിത സിജുവിന് 5 വോട്ടും ലഭിച്ചു.കേരളാ കോൺഗ്രസ് എമ്മിലെ തന്നെ ജോസി ജോളി രാജി വച്ച ഒഴിവിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ ആർ.ഡി.ഒ. അനിൽ കുമാർ വരണാധികാരിയായി. 13 അംഗ സമിതിയിൽ യു.ഡി.എഫ് 8, എൽ.ഡി.എഫ് 5 എന്നിങ്ങനെയായിരുന്നു അംഗങ്ങൾ. യു.ഡി.എഫിൽ കോൺഗ്രസിനോടൊപ്പം കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗത്തിന്റെയും കേരളാ കോൺഗ്രസ് ജേക്കബിന്റെയും പിന്തുണയോടെയാണ് ലിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കേരളാ കോൺഗ്രസ് എമ്മിലെ പ്രശ്‌നങ്ങളെ തുടർന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് ചൊവ്വാഴ്ച്ച നടന്ന യുഡി.എഫ്.പാർലമെന്ററി പാർട്ടി യോഗത്തിലും ധാരണയായിരുന്നില്ല. തുടർന്ന് തിരഞ്ഞെടുപ്പിന് മിനിറ്റുകൾക്കു മുമ്പ് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ലിസി ജോളിയെ പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസ് എമ്മിലെ അഡ്വ.ചിന്നമ്മ ഷൈൻ പാർട്ടി നേതൃത്വത്തിൻറെ നിർദ്ദേശത്തെ തുടർന്ന് വിട്ടു നിൽക്കുകയായിരുന്നു.