കൊച്ചി: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവച്ചു. അഡ്മിനിസ്ട്രേറ്റർക്ക് ചുമതലകൾ തുടരാനും ഹൈക്കോടതി അനുമതി നൽകി.
പിരിച്ചുവിടപ്പെട്ട മുൻപ്രസിഡന്റ് സുഭാഷ് വാസുവിനെയും മുൻ സെക്രട്ടറി സുരേഷ്ബാബുവിനെയും പദവികളിൽ വ്യവസ്ഥകളോടെ പുന:സ്ഥാപിച്ച കൊല്ലം പ്രിൻസിപ്പൽ സബ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി വിധി.
അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിനെതിരെയാണ് ഇരുവരും കൊല്ലം സബ് കോടതിയിൽ ഹർജി നൽകിയത്. സബ് കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യോഗവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 23 ന് ചേർന്ന യോഗം കൗൺസിൽ തീരുമാനപ്രകാരമാണ് മാവേലിക്കര യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടത്. മുൻ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് മൈക്രോഫിനാൻസ് സംഘങ്ങളുടെ പണം അപഹരിച്ചതുൾപ്പെടെ ആരോപിച്ചായിരുന്നു നടപടി. ഡിസംബർ 28 ന് അഡ്വ. സിനിൽ മുണ്ടപ്പള്ളി ചുമതലയേറ്റു.
തുടർന്നാണ് മുൻഭാരവാഹികൾ ഹർജി സമർപ്പിച്ചത്. യോഗവും കൗൺസിലും തമ്മിൽ ബന്ധമില്ലെന്നും യൂണിയന്റെ പ്രവർത്തനത്തിൽ ഇടപെടാൻ അധികാരമില്ലെന്നുമായിരുന്നു വാദം.
യൂണിയന്റെ നിയമാവലി പ്രകാരം യോഗത്തിന്റെ നിബന്ധനകളും തീരുമാനങ്ങളും നടപ്പാക്കാൻ യൂണിയനുകൾക്ക് ബാദ്ധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം വാദിച്ചു. യൂണിയനുകളും ശാഖകളും യോഗത്തിന്റെ നിയന്ത്രണം അംഗീകരിച്ചാണ് പ്രവർത്തിക്കുന്നത്. യൂണിയൻ ഭാരവാഹികളെ മാറ്റി പുതിയ ഭരണ സമിതിയെ നിയമിക്കാൻ യോഗം കൗൺസിലിന് അധികാരമുണ്ട്.
അധികാരം തിരിച്ചുകൊടുക്കണമെന്ന കീഴ്ക്കോടതിയുടെ ഉത്തരവ് ശരിയല്ലെന്നുമുള്ള യോഗത്തിന്റെ അഭിഭാഷകൻ എ.എൻ. രാജൻബാബുവിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
യോഗത്തിനും ജനറൽ സെക്രട്ടറിക്കും വേണ്ടി അഡ്വ. എ.എൻ. രാജൻബാബു, പി. ഗോപാലകൃഷ്ണൻ, എ.ആർ. ഈശ്വർലാൽ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.