രണ്ട് ചിറകൾക്കും കൂടി 5കോടി രൂപ
നവീകരണം ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി
കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നവീകരണപദ്ധതി
ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി
മൂവാറ്റുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആനിക്കാട് ചിറയുടെ നവീകരണത്തിന് തുടക്കമായി. മൂവാറ്റുപുഴ-പുനലൂർ റോഡിന്റെ ഓരത്ത് നാലേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആനിക്കാട് ചിറ മാലിന്യവാഹിനിയായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ചെളിയും പായലും, പ്ലാസ്റ്റികും, ജൈവമാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായ ചിറ നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കടുത്ത വേനലിലും നിറയെ ജലമുളള ചിറ പ്രദേശവാസികളുടെ മുഖ്യ ജലസ്രോതസായിരുന്നു. അടുത്ത കാലം വരെ ആളുകൾ കുളിക്കുന്നതിനും അലക്കുന്നതിനു മടക്കം ഉപയോഗിച്ചു വന്ന ചിറ മാലിന്യവാഹിനിയായതോടെയാണ് നാട്ടുകാർ ഉപേക്ഷിച്ചത്.
പ്രദേശത്തെ ഏറ്റവും വലിയ ജല സ്രോതസായ ചിറ സംരക്ഷിക്കണമെന്നാവശ്യം ശക്തമായതോടെ എൽദോ എബ്രഹാം എം.എൽ.എ നബാർഡിന്റെ ‘ആർ.ഐ.ഡി.എഫ്.’ പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ നവീകരിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
5 വർഷം മുൻപ് മാലിന്യം നീക്കം ചെയ്തിരുന്നു
അഞ്ചു വർഷം മുമ്പ് പരിസ്ഥിതി സംഘടനകളുടെ നേതൃത്ത്വത്തിൽ മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിച്ചങ്കിലും ദിവസങ്ങൾ കഴിയും മുമ്പെ പഴയപടിയാകുകയായിരുന്നു.പുനലൂർ റോഡിന്റെ ഓരത്തായതിനാൽ രാത്രികയിലടക്കം മാലിന്യം ചിറയിലേക്ക് വലിച്ചെറിയുന്നതാണ് പ്രശ്നത്തിന് കാരണമായത്.
പദ്ധതികൾ ഇങ്ങനെ
#ചിറയിലെ ചെളി കോരി ആഴം കൂട്ടിയശേഷം, സംരക്ഷണഭിത്തി ബലപ്പെടുത്തി ചിറയ്ക്ക് ചുറ്റും യു ആകൃതിയിൽ നടപ്പാത നിർമ്മിക്കും
#റോഡിൽനിന്നുള്ള മലിനജലം ചിറയിലേക്ക് ഒഴുകാതിരിക്കാൻ ഓടയും നിർമിക്കും
# ഇരിപ്പിടങ്ങളും, പൂന്തോട്ടവും ,ലൈറ്റുകളും സ്ഥപിക്കും
# കുളിക്കടവുകളും നിർമിക്കും
വാളകം ചിറയും നവീകരിക്കും
ആനിക്കാട് ചിറക്കൊപ്പം വാളകം പഞ്ചായത്തിലെ വാളകം ചിറയും നവീകരിക്കുന്നുണ്ട്. മൂന്നേക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വാളകം ചിറയുടെ ഭൂരിഭാഗവും കൈയേറിയിരുന്നു. സർവയറെ വച്ച് ഇതെല്ലാം അളന്നു തിട്ടപ്പെടുത്തി കൈയേറ്റം തിരിച്ചു പിടിച്ച ശേഷമാണ് ഇതിന്റെ നവീകരണം ആരംഭിച്ചിരിക്കുന്നത്. കാർഷിക മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ജലസ്രോതസ് സംരക്ഷിച്ച് കാർഷിക മേഖലക്ക് ഗുണകരമാക്കുന്ന രീതിയിലാണ് നവീകരണം നടത്തുന്നത്.