 15 ന് പൊലീസിന്റെ വിവിധ കേന്ദ്രങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: സൈബർ ക്രൈം പൊലിസ് സ്റ്റേഷനും സൈബർ ഡോമും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.ഇൻഫോപാർക്ക് ടി.സി.എസ് ആഡിറ്റോറിയത്തിൽ രാവിലെ 11നാണ് ചടങ്ങ്. തൃപ്പൂണിത്തുറയിലെ റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറി, കളമശേരിയിലെ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സ്, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനങ്ങളും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ ആന്റി നർകോട്ടിക് മൊബൈൽ ആപ്പ് യോദ്ധാവിന്റെ ലോഞ്ചിംഗും നടക്കും. കൊച്ചി പൊലീസ് കോംപ്ലക്‌സിന്റെ മാതൃക രൂപവും ചടങ്ങിൽ പുറത്തിറക്കും.

 സൈബർ പൊലീസ് സ്‌റ്റേഷൻ
കൊച്ചി സൈബർ പൊലീസ് സ്‌റ്റേഷനിൽ കൊച്ചി സിറ്റി, എറണാകുളം റൂറൽ, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളാണ് അന്വേഷിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ വളർച്ച കുറ്റകൃത്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരെ പിടികൂടുന്നതിന് സദാ തുറന്നിരിക്കുന്ന സൈബർ കണ്ണുകളാണ് ഇൻഫോപാർക്കിലെ ഓഫീസിലുണ്ടാകുകയെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു.

ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങളും നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടിയെടുക്കും. വിദഗ്ദ്ധ മേൽനോട്ടത്തിൽ ജനങ്ങളെ ബോധവാന്മാരാക്കും. ഗവേഷണ പരിപാടികൾ സംഘടിപ്പിക്കും. നിയമസംവിധാനങ്ങൾ, സൈബർ സാങ്കേതിക വിദഗ്ദ്ധർ, എത്തിക്കൽ ഹാക്കർമാർ എന്നിവരുടെ സേവനവുമുണ്ടാകും.

 ഫോറൻസിക് ലാബ്
കേരളത്തിലെ നാലാമത്തെ റീജണൽ ഫോറൻസിക് സയൻസ് ലാബാണ് തൃപ്പൂണിത്തുറയിൽ പ്രവർത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരം , തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് നിലവിൽ ലാബുകൾ.ശാസ്ത്രീയ പരിശോധനകൾ നടത്താൻ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫൊറൻസിക് സയൻസ് ലാബാണ് തൃപ്പൂണിത്തുറയിലേത്. ഇത്തരം ലാബുകളുടെ എണ്ണത്തിലുള്ള കുറവ് പലപ്പോഴും പരിശോധനകൾക്ക് കാലതാമസം നേരിടുന്നതിനും ഉദ്യോഗസ്ഥർക്ക് ജോലിഭാരമേറുന്നതിനും കാരണമാകാറുണ്ട്. നിലവിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് ശനിയാഴ്ച നടക്കുന്നത്.

 ക്വാർട്ടേഴ്സ്

കളമശേരിയിലാണ് ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സ്. കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങാണ് മുഖ്യമന്ത്രി നിർവ്വഹിക്കുന്നത്. മികവുറ്റ സേവനം ജനങ്ങൾക്ക് ഉറപ്പാക്കുന്നതിന് പൊലീസിലെ വിവിധ വിഭാഗങ്ങളുടെ സംയുക്തമായ ഇടപെടലുകൾ പ്രാധാന്യമർഹിക്കുന്നുണ്ട്. ഇതിന് സഹായകമാകുന്നതാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പൊലീസ് കോംപ്ലക്‌സ്.