കൊച്ചി: നഗരസഭയുടെ പിടിപ്പുകേട് മൂലം മുടങ്ങികിടക്കുന്ന ഫോർട്ടുകൊച്ചി തുരുത്തി ഭവന നിർമ്മാണ പദ്ധതി ഉടൻ പുനരാരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. അടച്ചുറപ്പുള്ള സ്വന്തം വീട് എന്ന സ്വപ്നവുമായി 398 കുടുംബങ്ങളാണ് പദ്ധതിക്ക് വേണ്ടി കാത്തിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളു‌ടെ സഹായത്തോടെ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളാണ് നഗരസഭ തുരുത്തി കോളനിയിൽ നിർമ്മിക്കുന്നത്. ആദ്യ കെട്ടിടത്തിന്റെ പണിയും തുടങ്ങി. ഇതു പൂർത്തിയാക്കി നിലവിൽ ചേരികളിൽ കഴിയുന്ന കുടുംബങ്ങളെ ഇങ്ങോട്ട് മാറ്റിയശേഷം രണ്ടാമത്തെ സമുച്ചയത്തിന്റെ പണി തുടങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ ഒന്നാം നിലയുടെ നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് അഴിമതി ആരോപണങ്ങളിൽ കുരുങ്ങി പദ്ധതി നിശ്ചലമായി. പശ്ചിമകൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൺറൈസ് കൊച്ചി എന്ന സംഘടനയാണ് ഈ വിഷയം മനുഷ്യാവകാശ കമ്മീഷന്റെ മുന്നിലെത്തിച്ചത്.

# തുടക്കം 2013 ൽ

2013 ഡിസംബറിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ രാജീവ് ഗാന്ധി ആവാസ് യോജനയു‌ടെ (റേ ) ഭാഗമായാണ് തുരുത്തി കോളനിയിലെ ഭവനപദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

രണ്ട് ടവറിലുകളിലായി 12 നില ഫ്ളാറ്റ് നിർമ്മിക്കുകയായിരുന്നു ഉദ്ദേശം

2017 ഫെബ്രുവരിയിൽ ആദ്യ ടവറിന്റെ നിർമ്മാണം ആരംഭിച്ചു

18 കോടി രൂപയ്ക്ക് സിറ്റ്കോ അസോസിയേറ്റ് ആണ് കരാർ ഏറ്റെടുത്തത്

2019 ഫെബ്രുവരിയിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.

8.77 കോടി രൂപ ഇതുവരെ നഗരസഭ കരാറുകാർക്ക് നൽകി

ഇതിനു പുറമെ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചിരുന്ന 93 ലക്ഷം രൂപ പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് കരാറുകാരന് തിരിച്ചുനൽകിയത് വിവാദമായി

# കണക്കു പിഴച്ചെന്ന് നഗരസഭ

2019 ഫെബ്രുവരിയിൽ ഒന്നാം നിലയുടെ സ്ളാബ് പൂർത്തീകരിച്ച് നിർമ്മാണം നിലച്ച സഹചര്യത്തിലാണ് സൺറൈസ് കൊച്ചി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.ആദ്യ ഘട്ടത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ പല നിർമ്മാണ പ്രവർത്തികളും വിട്ടുപോയതിനാൽ എസ്റ്റിമേറ്റ് പുതുക്കേണ്ടതായി വന്നുവെന്നും പുതിയ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം കിട്ടാൻ വൈകിയതാണ് നിർമ്മാണം മുടങ്ങിയതിന് കാരണമെന്നും നഗരസഭ പറയുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഫ്ളാറ്റ് നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ 21 കോടി രൂപ അധികമായി വേണ്ടിവരും. ഈ ചെലവ് ഏറ്റെടുക്കാമെന്ന് സ്മാർട്ട് സിറ്റി മിഷൻ സമ്മതിച്ചതോടെ പ്രതിസന്ധിക്ക് താത്കാലിക ശമനമായി. കഴിഞ്ഞ ആഴ്ച നടന്ന കൗൺസിൽ യോഗത്തിന്റെ അംഗീകാരം ലഭിച്ചതോടെ റേ പദ്ധതിക്ക് വീണ്ടും ജീവൻവച്ചു.

# കരാറുകാരെ കാത്ത് സ്മാർട്ട്സിറ്റി

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. അതിനകം കരാർ നൽകിയാൽ മാത്രമേ റേ പദ്ധതി തുടരാൻ കഴിയുകയുള്ളു. രണ്ടാം ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണത്തിന് 46 കോടിയാണ് കണക്കാക്കുന്നത്.