കോലഞ്ചേരി: സ്കൂളുകളുടെ നൂറു വാര ചുറ്റിൽ പുകയിലയുമായി കടക്കരുത്. യെല്ലോ ലൈൻ കാമ്പയിനിന്റെ ഭാഗമായി ഇവിടെ പുകയില വിരുദ്ധ മേഖലയായി അതിർത്തി തിരിച്ചു രേഖപ്പെടുത്തിത്തുടങ്ങി.100 വാര ചുറ്റളവിൽ നേരത്തെ തന്നെ പുകയില വിരുദ്ധ മേഖലയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അതിർത്തി നിർണയിച്ചു നൽകിയിരുന്നില്ല. സ്‌കൂളിനു ചുറ്റും നിശ്ചിത ചു​റ്റളവിൽ റോഡിനു കുറുകെ മഞ്ഞവര വരച്ചു മഞ്ഞ പെയിന്റടിച്ചാണു പുകയില വിരുദ്ധ മേഖല അടയാളപ്പെടുത്തുക. ഈ പരിധിക്കുള്ളിൽ പുകയില, ലഹരി ഉല്പന്നങ്ങളുടെ വിപണനവും ഉപയോഗവും അനുവദിക്കില്ല. സംസ്ഥാനത്തു ലഹരി ഉപയോഗം വർധിച്ചതോടെ ആരോഗ്യവകുപ്പ് മുൻകയ്യെടുത്താണ് സ്‌കൂളുകൾക്കു സമീപം പുകയില വിരുദ്ധ മേഖലയുടെ അതിർത്തി രേഖപ്പെടുത്തുന്നത്.

യെല്ലോ ലൈൻ കാമ്പയിൻ

ആരോഗ്യ വകുപ്പിന്റെ 'യെല്ലോ ലൈൻ ക്യാമ്പയിൻ' പദ്ധതിയനുസരിച്ചാണ് നടപടി. എല്ലാ ജില്ലകളിലും പദ്ധതി നടത്തിപ്പിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്.സ്‌കൂൾ മതിലിൽ നിന്നു 100 വാര ചു​റ്റളവിൽ വൃത്താകൃതിയിൽ എല്ലാ റോഡുകളിലും ഇത്തരത്തിൽ അതിർത്തി രേഖപ്പെടുത്തും.അതിർത്തി നിർണയം വിജയകരമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇതോടെ റോഡിൽ നിന്നുള്ള പുകവലിയും കുറഞ്ഞിട്ടുണ്ട്. രാജീവ് സദാനന്ദൻ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് കാമ്പയിൻ തുടങ്ങിയത്.