കൊച്ചി: പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്( കെ.എം.ആർ.എൽ )പൊതുജനങ്ങൾക്കായി ലൈവ് ബാൻഡ് പ്രകടനം സംഘടിപ്പിക്കും. എറണാകുളം സൗത്ത് സ്റ്റേഷന് സമീപം ജോസ് ജംഗ്ഷനിലെ കംഫർട്ട് പ്ലാസയിൽ വൈകിട്ട് 5.30നാണ് പരിപാടി. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ തെക്കൻ ക്രോണിക്കിൾ ബാൻഡാണ് അവതാരകർ.
സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ്മ എന്നിവർ എം.ജി റോഡ് മെട്രോ സ്‌റ്റേഷനിൽ നിന്ന് ജോസ് ജംഗ്ഷനിലേക്ക് സൈക്കിളിൽ യാത്ര ചെയ്യും. എല്ലാ മാസവും ഒരു പരിപാടി വീതം സംഘടിപ്പിച്ച് കംഫർട്ട് പ്ലാസയെ ജനപ്രിയ പൊതുഇടമാക്കി മാറ്റാനാണ് ശ്രമമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.