കാലടി: ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി .72ാമത് മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പെരിയാറിന് കുറുകെ താത്കാലിക പാലവും പുഴയ്ക്ക് മറുകരയായ ഓണമ്പിള്ളിയിലേക്ക് ജങ്കാർ സർവീസും ഒരുക്കിയതായി ആഘോഷസമിതി പ്രസിഡന്റ് വി.എസ്. സുബിൻകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.18 മുതൽ 21 വരെ നടക്കുന്ന ആഘോഷങ്ങളിൽ വിശേഷാൽ പൂജ, കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.
18 ന് രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, ധാര, അഷ്ടദ്രവ്യ ഗണപതിഹോമം എന്നിവയും വൈകിട്ട് 6.30ന് ദീപാരാധന ദീപക്കാഴ്ചയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ക്ഷേത്രചടങ്ങുകളും ഗാനമേള, നാടകം, ഭക്തിഗാനമഞ്ജരി, പ്രഭാഷണം, നാടൻപാട്ട്, ആട്ടക്കളം, ബാലെ എന്നിവയും നടക്കും.
ശിവരാത്രി ദിനമായ 21 ന് രാവിലെ പള്ളിയുണർത്തലോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 8.45 ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം ബെന്നി ബെഹന്നാൻ എം.പി. ഉദ്ഘാടനം ചെയ്യും. ആഘോഷ സമിതി പ്രസിഡന്റ് വി.എസ്. സുബിൻകുമാർ അദ്ധ്യക്ഷത വഹിക്കും. ശൃംഗേരിമഠം മാനേജർ പ്രൊഫ.എ. സുബ്രഹ്മണ്യ അയ്യർ മുഖ്യാതിഥിയായിരിക്കും. എം എൽ എമാരായ റോജി എം. ജോൺ, അഡ്വ. എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത് , ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി, വൈസ്.പ്രസിഡന്റ് വാലസ് പോൾ, മെമ്പർ രമ ബാബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ബലിതർപ്പണം ആരംഭിക്കും.
വാർത്താസമ്മേളനത്തിൽ സെക്രട്ടറി കെ.എസ്. ജയൻ, ട്രഷറർ വി.ബി. സിദിൽകുമാർ, സലീഷ് ചെമ്മണ്ടൂർ എന്നിവർ പങ്കെടുത്തു.