കുറുപ്പംപടി: സ്മൃതിനാശം വന്നവർക്കും, സ്മൃതിനാശത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയവർക്കും ആശ്വാസവുമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2019- 2020 ലെ വാർഷിക പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്ന സ്മൃതി പർവ്വം പദ്ധതിയുടെ ആദ്യ ഘട്ട പരിശീലനം ഇന്ന് ആരംഭിക്കും. മുതിർന്നവർക്കിടയിലെ ആരോഗ്യ പ്രശ്‌നമായ സ്മൃതിനാശത്തെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുന്നതിനും ബാധിതരായവർക്കം, കുടുംബാംഗങ്ങൾക്കും സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനും പുരധിവാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ലക്ഷ്യം വച്ചാണ് ഈ പദ്ധതി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോ സയൻസിന്റെ ഉദ്‌ബോധ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ മുഴുവൻ ആശ പ്രവർത്തകർക്കും, അങ്കണൻവാടി വർക്കർമാർക്കും,ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകും. പരിശീലനം ലഭിക്കുന്നവരുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വീടുകൾ സന്ദർശിച്ച് രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി അവർക്ക് തുടർ പരിശോധനകൾ കുസാറ്റിലെ ഉദ്‌ബോധ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തും.

പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലക്ക് ബ്ലോക്കിലെ മുഴുവൻ ആശ പ്രവർത്തകർക്കും ഇന്ന് പരിശീലനം നൽകും. കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിശീലനം എൽദോസ് കുന്നപ്പിളളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.