പണി തുടങ്ങിയെന്ന് ജി.സി.ഡിഎ, ഒന്നും നടക്കുന്നില്ലെന്ന് ഹർജിക്കാരൻ

കൊച്ചി : മറൈൻഡ്രൈവിന്റെ നവീകരണത്തിനായി 90,000 രൂപയുടെ പണികൾ ചെയ്തെന്ന് ജി.സി.ഡി.എ വിശദീകരിക്കുമ്പോൾ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി ഉത്തരവു നൽകണമെന്ന് ഹർജിക്കാരൻ പറയുന്നു. മറൈൻഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് ഇരു വിഭാഗങ്ങളും തങ്ങളുടെ വാദം ഉയർത്തിയത്

ജി.സി.ഡി.എ പറയുന്നു

 മറൈൻഡ്രൈവ് വാക്ക് വേയിലെ അവശ്യ നിർമ്മാണ ജോലികൾ തുടങ്ങി.

 വാക്ക് വേയിലെ തകർന്ന ടൈലുകൾ മാറ്റുന്നതും രണ്ട് മരങ്ങൾക്ക് ചുറ്റു കെട്ടുന്നതും പൂർത്തിയാക്കി

 90,000 രൂപയുടെ ജോലികൾ ചെയ്തു കഴിഞ്ഞു.

 കെട്ടുവള്ളപ്പാലത്തിനു ചുവട്ടിലെ ടോയ്ലെറ്റുകൾക്ക് അനൗദ്യോഗിക നമ്പരുകൾ നൽകി.

 നവീകരിച്ച ടോയ്ലെറ്റുകളുടെ അലോട്ട്മെന്റ് നടക്കുകയാണ്.

 ഹെലിപാഡ് ഗ്രൗണ്ടിൽ ടോയ്ലെറ്റ് കോംപ്ക്സ് നിർമ്മിക്കാൻ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി തേടി

 കൊച്ചി സ്മാർട്ട് സിറ്റി മിഷന്റെ പദ്ധതികൾ മറൈൻഡ്രൈവിൽ നടപ്പാക്കാൻ ടെണ്ടർ വിളിച്ച് അനുകൂല പ്രതികരണം കാത്തിരിക്കുന്നു

 കോടതിയലക്ഷ്യമൊന്നും ചെയ്തിട്ടില്ല. അസൗകര്യമുണ്ടായെങ്കിൽ മാപ്പാക്കണം.

(ജി.സി.ഡി.എ സെക്രട്ടറി ജിനുമോൾ വർഗ്ഗീസ് നൽകിയ സത്യവാങ്മൂലം)

ഹർജിക്കാരന്റെ ആരോപണങ്ങൾ

 ടോയ്ലെറ്റിന്റെ കാര്യത്തിൽ നഗരസഭയും ജി.സി.ഡി.എയും പരസ്പരം പഴിചാരുന്നു.

 അതിരാവിലെ തന്നെ മറൈൻഡ്രൈവിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം തുടങ്ങും.

 ഹർജിക്കാരൻ സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് ശോചനീയാവസ്ഥ വ്യക്തമാണ്.

 സ്വീവേജ് മാലിന്യങ്ങൾ നീക്കാൻ നടപടിയായില്ല.

 നഗരസഭാ - ജി.സി.ഡി.എ, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് നിർദ്ദേശം നൽകണം

( ഹർജിക്കാരൻ രഞ്ജിത്ത്. ജി. തമ്പി നൽകിയ മറുപടി സത്യവാങ്മൂലം)