കൊച്ചി:ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ വിവിധ വിഭാഗങ്ങളിൽ പ്രഗത്ഭരായവരെ കണ്ടെത്തി മികവിനുള്ള പുരസ്‌കാരം നൽകി ആദരിക്കുന്ന 'ദി സൈലന്റ് ഹീറോസ് അവാർഡ്‌സ് 2020' 25ന് ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. .കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളുടെ കൂട്ടായ്മയായ ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്) സംഘടിപ്പിക്കുന്നപരിപാടി പകൽ രണ്ടിന് വിവിധ സെമിനാറുകളും സംവാദങ്ങളുമായി ആരംഭിക്കും. വൈകിട്ട് ആറിന് വിസ്‌ക്രാഫ്ട് ഇന്റർനാഷണൽ ആൻഡ് വിസ്‌ക്രാഫ്ട് എം.ഐ.എം.ഇ സ്ഥാപകനും ഡയറക്ടറുമായ സുബ്ബാസ് ജോസഫ് അവാർഡ് ദാനം ഉദ്ഘാടനം ചെയ്യും. ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ സംഭാവനകൾക്ക് ഇമാക് നൽകുന്ന 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്' ഗൾഫാർ ഗ്രൂപ്പ്, ലേ മെറിഡിയൻ ഹോട്ടൽ എന്നിവയുടെ സി.എം.ഡി ഡോ. മുഹമ്മദ് അലിക്ക് സമ്മാനിക്കും. ആകെ അഞ്ചുവിഭാഗങ്ങളിലായി 44 പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഇമാക് പ്രസിഡന്റ് മാർട്ടിൻ ഇമ്മാനുവൽ, ജനറൽ സെക്രട്ടറി രാജു കണ്ണമ്പുഴ, ജോയിന്റ് സെക്രട്ടറി അരവിന്ദ് ചന്ദ്രശേഖർ, ട്രഷറർ റെബി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.