കൊച്ചി: ഫിഷറീസ് ശാസ്ത്ര ഗവേഷകരുടെ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം 'ക്ലിം ഫിഷ്‌കോൺ 2020' കൊച്ചിയിലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്, കേരള സർക്കാർ ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനങ്ങൾ വരുത്തുന്ന അപകടങ്ങൾ മുൻകൂട്ടി കണ്ട് സുസ്ഥിര ആവാസവ്യവസ്ഥ രൂപകൽപ്പന ചെയ്യുക മാത്രമാണ് അതിജീവന മാർഗമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ കൊടുങ്കാറ്റും വെള്ളപ്പൊക്കവും നേരിടാൻ പരമ്പരാഗത സമീപനങ്ങൾ പര്യാപ്തമല്ലെന്ന് കേരളത്തിലെ സമീപകാല പ്രകൃതി ദുരന്തങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് നെതർലാൻഡിലെ ഹാൻസെ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് പ്രൊഫ. റോബ് റോഗെമ പറഞ്ഞു.

കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.കെ.എൻ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.