ആലുവ: തായിക്കാട്ടുകര കെ.എസ്.ആർ.ടി.സി ഗാരേജിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബസുകൾ അഗ്നിക്കിരയായ സംഭവത്തിൽ മണൽമാഫിയയെ തേടി ആലുവ സി.ഐ വി.എസ് നവാസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സി.ഐ 'കേരളകൗമുദി'യോട് പറഞ്ഞു.
ഗാരേജിന് പിന്നിലൂടെ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ ഇടമുള പുഴയിൽനിന്നും അനധികൃതമായി വാരുന്നമണൽ ലോറിയിൽ കടത്തുന്നതിന് കൂടുതൽ സൗകര്യമൊരുക്കുന്നതിനും ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കുന്നതിനുമായി കാട് കത്തിക്കുന്നതിനിടെ തീ പടർന്നതാണെന്നാണ് സംശയം. കടവിലേക്കുള്ള വഴിയിൽ വാഹനങ്ങൾ ഇറക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് കുറ്റികളിൽ ഒരെണ്ണം അടുത്തിടെ മണൽമാഫിയ നീക്കംചെയ്തിരുന്നു. പുഴത്തീരത്തേക്ക് വാഹനം ഇറക്കുകയായിരുന്നു മണൽ മാഫിയയുടെ ലക്ഷ്യമെന്നാണ് സൂചന.
ബസുകൾ പൂർണമായി അഗ്നിക്കിരയായിട്ടും സംഭവം പരമാവധി ഒളിപ്പിക്കാനാണ് അധികൃതർ ആദ്യം ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് വിവരം പുറത്തറിഞ്ഞത്. ദേശീയപാതയ്ക്ക് അരികിലാണ് ഗാരേജെങ്കിലും വിശാലമായ സ്ഥലസൗകരമുണ്ട്. പിൻവശം പുഴയാണ്. പുഴയുടെ തീരത്താണ് മാലിന്യം കൂട്ടിയിട്ടിരുന്നതും കണ്ടം ചെയ്യുന്നതിനുള്ള മുപ്പതോളം ബസുകൾ പാർക്ക് ചെയ്തിരുന്നതും. വള്ളിപ്പടർപ്പുകളിൽ നിന്ന് തീ പടർന്ന് സമീപത്ത് കൂട്ടിയിട്ടിരുന്ന മറ്റ് വർക്ക് ഷോപ്പ് മാലിന്യത്തിലേക്കും പടർന്നു. തുടർന്നാണ് ബസുകൾ കത്തിയത്.
ആലുവ മേഖലയിലെ മണൽമാഫിയ സംഘത്തെയാണ് പൊലീസ് തിരയുന്നത്. ഇതേത്തുടർന്ന് ആലുവ, ഉളിയന്നൂർ, അത്താണി മേഖലയിലെ മണൽമാഫിയ സംഘങ്ങൾ മുങ്ങിയതായാണ് വിവരം.