lsg-election-

കൊച്ചി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്താൻ ഹൈക്കോടതി വിധിച്ചു.

2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റ വിജ്ഞാപനം റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. 2019ലെ പട്ടിക 2020 ഫെബ്രുവരി ഏഴിന് പുതുക്കിയിരുന്നു. ഇൗ പട്ടിക അടിസ്ഥാനമാക്കി വിജ്ഞാപനമിറക്കണം.

2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ വിജ്ഞാപനത്തിനെതിരെ യു.ഡി.എഫിന് വേണ്ടി കോൺഗ്രസ് നേതാവും ജി.സി.ഡി.എ (വിശാല കൊച്ചി വികസന അതോറിട്ടി) മുൻ ചെയർമാനുമായ എൻ. വേണുഗോപാൽ, മുസ്ളിംലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, പി. ആഷിഫ് എന്നിവർ നൽകിയ ഹർജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ഹർജിക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

ഹർജിക്കാർ വാദിച്ചത്

 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ടർപട്ടിക തയ്യാറാക്കിയശേഷം നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ നടന്നു

 2015ലെ പട്ടിക അടിസ്ഥാനമാക്കിയാൽ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് പേരു ചേർത്തവർക്ക് വീണ്ടും പേരു ചേർക്കേണ്ടി വരും

 2019ലെ പുതിയ പട്ടിക അടിസ്ഥാനമാക്കിയാൽ അതിനു ശേഷം യോഗ്യത നേടിയവരുടെ പേരുകൾ മാത്രം ചേർത്താൽ മതി

തിരഞ്ഞെടുപ്പ്

കമ്മിഷന്റെ വാദം

 തദ്ദേശ തിരഞ്ഞെടുപ്പിന് വാർഡുകൾ അടിസ്ഥാനമാക്കി പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന ഇലക്ഷൻ കമ്മിഷനാണ്

ലോക്‌സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ബൂത്ത് അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കുന്നത് കേന്ദ്ര കമ്മിഷൻ

 ഇവ രണ്ടും തമ്മിൽ പൊരുത്തപ്പെടില്ല. അപാകത നീക്കാൻ പട്ടിക പുതുക്കേണ്ടിവരും

കോടതിയുടെ ചോദ്യം

 കുറച്ച് ഉദ്യോഗസ്ഥരുടെ സൗകര്യത്തിനായി ലക്ഷക്കണക്കിന് വോട്ടർമാരെ ബുദ്ധിമുട്ടിക്കണോ?

 ഒരുതവണ വോട്ടറായി പേരു രജിസ്റ്റർ ചെയ്ത വ്യക്തിയെ വീണ്ടും എങ്ങനെ രജിസ്റ്റർ ചെയ്യും?.

വോട്ടർമാരുടെ കണക്ക്

2019

പുരുഷന്മാർ: 1,26,84,839

സ്ത്രീകൾ: 1,34,66,521

ട്രാൻസ്ജെൻഡർ: 174

ആകെ: 2,61,51,534

2015

പുരുഷന്മാർ:1,20,58,262

സ്ത്രീകൾ: 1,30,50,163

ട്രാൻസ്ജെൻഡർ: 111

ആകെ: 2,51,08,536

 വ്യത്യാസം : 10,42,998