ആലുവ: നഗരത്തിലെ പൊതുകാനയ്ക്ക് മുകളിൽ അനധികൃതമായി സ്ഥാപിച്ച സ്ലാബ് മാറ്റുന്നതിനിടെ യുവവ്യാപാരിയെ സമീപ സ്ഥാപനത്തിന്റെ ഉടമ മർദ്ദിച്ചതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം കാർമ്മൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വിക്ടറി സ്റ്റേഷനറി കടഉടമ ടോമി അഗസ്റ്റിൻ മാഞ്ഞൂരാനാണ് (35) ഭാര്യ നോക്കി നിൽക്കെ മർദ്ദനമേറ്റത്. ചെവിക്കും കഴുത്തിനും ക്ഷതമേറ്റ ടോമി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സി.സി ടി.വി ദൃശ്യങ്ങളോടെ ടോമി ആലുവ പൊലീസിന് പരാതി നൽകി. പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ അസഭ്യം വിളിച്ചത്തിനുമെതിരെയും പരാതി നൽകിയിട്ടുണ്ട്.
മർദ്ദനം നടത്തിയയാളുടെ ഹോട്ടലിൽ നിന്നുള്ള ശൗചാലയമാലിന്യം ഉൾപ്പെടെ പൊതുകാനയിലേക്കാണ് ഒഴുക്കുന്നതെന്നും ഇത് മറക്കുന്നതിന് വേണ്ടിയാണ് സ്ളാബ് സ്ഥാപിച്ചതെന്നും ഇതിനെതിരെ താൻ നഗരസഭയിൽ പരാതി നൽകിയിട്ടുണ്ടെന്നും ടോമി പറഞ്ഞു.
അതേസമയം സ്ഥാപനത്തിനകത്ത് കയറി ഭീഷണിപ്പെടുത്തിയ ടോമി പാത്രങ്ങൾ തല്ലിപ്പൊട്ടിച്ചെന്ന് ഹോട്ടലുടമയും പരാതി നൽകിയിട്ടുണ്ട്.