കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും അക്രമങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സമവായ ചർച്ചകൾ നിറുത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതി ഇടപെട്ട് മദ്ധ്യസ്ഥ ചർച്ചകൾ നടത്തുമ്പോൾ സമരക്കാർ ജീവനക്കാരെ ആക്രമിക്കുന്നത് ധിക്കാരപരമായ നടപടിയാണെന്നും ഒരേ സമയം ചർച്ചയും അക്രമവും എന്ന രീതി അംഗീകരിക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
മുത്തൂറ്റിലെ സമരവുമായി ബന്ധപ്പെട്ട് കോട്ടയം, കട്ടപ്പന, എറണാകുളം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ജോലിക്കു കയറിയ ജീവനക്കാരെ സമരക്കാർ ആക്രമിച്ച കാര്യം ഇന്നലെ മുത്തൂറ്റ് അധികൃതർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ജോലിക്കു കയറുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി വിധി നിലവിലിരിക്കെയാണ് ആക്രമണങ്ങളെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.