കൊച്ചി: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള സത്യസന്ധവും നിസ്വാർത്ഥവുമായ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവരുടെ സംഘടനക്കു രൂപം നൽകുന്നു. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ എറണാകുളം വൈ.എം.സി.എ ഹാളിൽ നടക്കും. ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സംഘടന രൂപരേഖ അവതരിപ്പിക്കും. ജീവകാരുണ്യ പ്രവർത്തകർ, ജീവകാരുണ്യ സംരംഭകർ, പ്രവർത്തകരുടെ കുടുംബാംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർക്ക് സുരക്ഷയും മികച്ച സേവനവും ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് സംഘടന.
ജീവകാരുണ്യ മേഖലയിലെ പ്രശ്‌നങ്ങൾ സർക്കാരിനെ അറിയിക്കുക, ഇത്തരം സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, കുടുംബാംഗങ്ങളെ വീടുകളിൽ നിന്നൊഴിവാക്കുന്നതിനെതിരെ ബോധവത്കരണം, ഓരോ കുടുംബവും ജീവകാരുണ്യ പ്രസ്ഥാനമാകണമെന്ന സന്ദേശം ഉയർത്തുക, ജീവകാരുണ്യ, വിദ്യാഭ്യാസ, ആതുര ശുശ്രൂഷ നീതി നിർവഹണ മേഖലകളിൽ സന്ദർഭോചിതമായി ഇടപെടുകയും പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുക എന്നിവയും പ്രവർത്തന ലക്ഷ്യങ്ങളിൽപ്പെടുന്നു. ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികൾ, പ്രവർത്തകർ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർ തുടങ്ങിയവർക്ക് യോഗത്തിൽ പങ്കെടുക്കാം