haritha-ulsavam-
മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രോത്സവത്തിന് ശേഷം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്നു.

പറവൂർ : മൂത്തകുന്നം ശ്രീനാരയണമംഗലം ക്ഷേത്രോത്സവം പൂർണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കിയത് നാടിനാകെ മാതൃകയായി. ഒമ്പതുദിവസം നീണ്ടുനിന്ന ഉത്സവത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഉത്സവം പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടപ്പാക്കുകയെന്ന വടക്കേക്കര പഞ്ചായത്തിന്റെ അഭ്യർത്ഥന എച്ച്.എം.ഡി.പി സഭയും ആഘോഷകമ്മിറ്റിയും ഏറ്റെടുക്കുകയായിരുന്നു. തൈപ്പൂയത്തിന്റെ ഭാഗമായി നടന്ന അജൈവമാലിന്യ പരിപാലനത്തിന് മാല്യങ്കര എസ്.എൻ.എം ആർട്സ് കോളേജിലെ വിദ്യാർത്ഥികളും മഹോത്സവ ദിവസങ്ങളിൽ എസ്.എൻ.എം ട്രെയ്‌നിംഗ് കോളേജ്, എൻജിനീയറിംഗ് കോളേജ്, ഹയർ സെക്കൻഡറിസ്ക്കൂൾ, ഹൈസ്കൂൾ തുടങ്ങിയ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും നേതൃത്വം നൽകി.

ഉത്സവനാളുകളിൽ പ്ലാസ്റ്റിക്ക് ശേഖരണത്തിനായി ക്ഷേത്രപരിസരത്ത് പഞ്ചായത്തിൽ നിന്ന് ബിന്നുകളും സ്ഥാപിച്ചു. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്ര പരിസരത്തുകൂടി കടന്നുപോകുന്ന സംസ്ഥാന പാതയുടെയും ദേശീയപാതയുടെയും ഇരുവശങ്ങളിലും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുറ്റിക്കാടുകളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ നേത്യത്വത്തിൽ പൂർത്തീകരിച്ചു. മഹോത്സവത്തിന് കൊടിയിറങ്ങിയ ശേഷം പഞ്ചായത്ത് അംഗങ്ങളും ഹരിതകർമ്മസേനയും ഭക്തജനങ്ങളും ചേർന്ന് പ്ലാസ്റ്റിക്ക് മാലിന്യശേഖരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, സഭാ പ്രസിഡന്റ് ബി. രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു. ജിഷ, എൻ.സി. ഹോച്ച്മിൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.