മൂവാറ്റുപുഴ: കാപ്രിപോക്‌സ് വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് സംസ്ഥാന വ്യാപകമായി വാക്‌സിനേഷൻ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന കാര്യം മന്ത്രി കെ.രാജുവിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എൽദോ എബ്രഹാം എം.എൽ.എ. മൂവാറ്റുപുഴയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ പറഞ്ഞു. കാപ്രിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. തുടർ നടപടികൾ ഊർജിതാക്കുന്നതിനായി വിദഗ്ദ്ധസംഘത്തെ നിയമിക്കണമെന്നും വൈറസ് ബാധലക്ഷണങ്ങൾ കണ്ടെത്തിയ പശുക്കൾക്ക് സൗജന്യ കാലി തീറ്റയും മറ്റും നൽകണമെന്നും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും എം.എൽ.എ പറഞ്ഞു.മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി.ഏലിയാസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ലൈബി പോളിൻ, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബേബി ജോസഫ്, ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ.സന്തോഷ് കുമാർ, പി.ആർ.ഒ. ഡോ.റാണരാജ്, മൂവാറ്റുപുഴ കോഓർഡിനേറ്റർ ഡോ.ഷമീം അബൂബക്കർ, മൃഗഡോക്ടർമാർ എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴയിൽ കൺട്രോൾ റൂം തുറന്നു
പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനായി മൂവാറ്റുപുഴ താലൂക്ക് മൃഗാശുപത്രിയിൽ കൺട്രോൾ റൂം തുറന്നു. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം.വിവരങ്ങൾക്ക്: 04852833301, 9188511846.