ആലുവ: വേനൽ കടുത്തതോടെ നാടും നഗരവും വ്യത്യാസമില്ലാതെ തീ പിടിത്തം വ്യാപകമായി. ഉണങ്ങിയ പുല്ലുകളും വള്ളിപ്പടർപ്പുകളുമെല്ലാം സിഗരറ്റ് കുറ്റികളും മറ്റും വീണ് കത്തുന്നത് വ്യാപകമായതോടെ അഗ്നിശമനസേനക്ക് വിശ്രമമില്ല.
ചൊവ്വാഴ്ച രാത്രി ആലുവ കെ.എസ്.ആർ.ടി.സി ഗാരേജിൽ മാലിന്യത്തിൽ നിന്ന് തീ പടർന്ന് രണ്ട് ബസുകൾ അഗ്നിക്കിരയായതിന് പിന്നാലെ ഇന്നലെയും ആലുവയിൽ മൂന്നിടത്ത് തീപിടിത്തമുണ്ടായി. യു.സി കോളേജ് സെമിനാരിപ്പടിക്ക് സമീപമാണ് ആദ്യം തീപിടിച്ചത്. അത് അണച്ച് തിരികെ ഓഫീസിൽ എത്തിയപ്പോഴേക്കും ആലുവ എസ്.എൻ.ഡി.പി സ്കൂളിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന് രണ്ടാമത്തെ തീപിടിത്തമുണ്ടായി. തൊട്ടുപിന്നാലെ എടത്തല അൽ അമീൻ കോളേജിന് സമീപം ഗ്രൗണ്ടിലെ പുല്ലിനും സമീപം കൂടിക്കിടന്ന മാലിന്യത്തിനും തീ പിടിച്ചു.
കെ.എസ്.ഇ.ബിയുടെ ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾക്കിടെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആലുവ അഗ്നിശമനസേനയുടെ യൂണിറ്റിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യമായിരുന്നു. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും ദിവസങ്ങൾക്ക് ശേഷമാണ് പരിഹാരമുണ്ടായത്.