തൃക്കാക്കര: മൂലമ്പിളളി പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ വിളളലുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മൂലമ്പിളളി പുനരധിവാസ മോണിറ്ററിംഗ് കമ്മറ്റി യോഗത്തിൽ വാഴക്കാല വില്ലേജിൽ 118 കുടുംബങ്ങൾക്ക് അനുവദിച്ച പുനരധിവാസ പ്ലോട്ടുകളുടെ രേഖാചിത്രം പ്രദേശത്ത് സ്ഥാപിക്കുവാനും തീരുമാനിച്ചു. തീരദേശപരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്ന കടമക്കുടി, മുളവുകാട് പഞ്ചായത്തിലെ പുനരധിവാസ പ്ലോട്ടുകളിൽ കെട്ടിട നിർമ്മാണം നടത്തുന്നതിന് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി ബിൽഡിംഗ് പെർമിറ്റുകൾ പുതുക്കി നൽകുന്നതിന് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി.കോതാട് പുനരധിവാസ മേഖലയിൽ മിന്നൽ രക്ഷാചാലകം പ്രവർത്തന ക്ഷമമാക്കാൻ കേരള വാട്ടർ അതോറിറ്റിക്ക് കളക്ടർ നിർദ്ദേശം നല്‍കി.