കൊച്ചി : ജില്ലയിലെ കൊറോണ കൺട്രോൾ റൂമിലേക്ക് ഇന്നലെ 50 കോളുകളാണ് ലഭിച്ചത്. ലഭിച്ച ഫോൺ വിളികളിൽ ഭൂരിഭാഗം പേർക്കും അറിയേണ്ടിയിരുന്നത് നിരീക്ഷണ കാലയളവ് കഴിഞ്ഞവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനെക്കുറിച്ചായിരുന്നു . നാട്ടിൽ വന്നാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമോ എന്നറിയാനായി സിംഗപ്പൂരിൽ നിന്നും തായ് വാനിൽ നിന്നും വിളികളെത്തി. കൺട്രോൾ റൂമിലുള്ള മെഡിക്കൽ ഓഫീസർമാരും, കൗൺസിലർമാരും ആശങ്കകൾ അകറ്റുകയും മാർഗനിർദേശങ്ങൾ നൽകി.കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ചൈനയിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന ഒമ്പത് പേരോട് മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച അഞ്ച് പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ആലപ്പുഴ എൻ.ഐ.വി യിലേക്ക് ഇന്ന് രണ്ട് സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ കൊറോണ റിപ്പോർട്ട് ചെയ്തു എന്ന തരത്തിലുള്ള വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ പോലീസിന് നിർദേശം നൽകിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. .