കൊച്ചി: ട്രാാൻസ്ജെൻഡറായ ഗൗരിയെ ആലുവയിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചാലക്കുടി കളത്തിൽ അഭിലാഷ്‌കുമാറിനെ (24) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതേവിട്ടു. 2017ആഗസ്റ്റ് 15 നായിരുന്നു സംഭവം. ആലുവ പമ്പ് ഹൗസിന് സമീപത്തെ റെയിൽവെ ട്രാക്കിനടുത്ത് ആസ്ബറ്റോസ് ഷീറ്റുകൊണ്ട് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലഹരി മരുന്നിനടിമയാണ് പ്രതിയെന്നും ഇയാളെയും ഗൗരിയെയും ഒരുമിച്ചു കണ്ടവരുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ഇതംഗീകരിച്ചില്ല. ഇരുവരെയും ഒരുമിച്ചു കണ്ടെന്നു പറയുന്ന സമയവും കൊലനടന്ന സമയവും തമ്മിൽ വലിയ വ്യത്യാസമുണ്ടെ് കോടതി ചൂണ്ടിക്കാട്ടി. കഴുത്തുഞെരിച്ചു കൊന്നതാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പ്രതിക്ക് സംഭവവുമായി ബന്ധമുണ്ടെന്നതിന് തെളിവൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. ഇവരെ ഒരുമിച്ചു കണ്ടെന്നു പറയുന്ന സാക്ഷികൾക്ക് സമയം കൃത്യമായി ഒാർത്തെടുക്കാനും കഴിഞ്ഞില്ല. ഇങ്ങനെ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് വിചാരണക്കോടതി പ്രതിയെ വെറുതേവിട്ടത്.