കൊച്ചി : ഇനി റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങുമ്പോൾ ബന്ധുക്കളോ സുഹൃത്തുക്കളോ കാറുമായി കാത്തുനിൽക്കേണ്ട. കാർ സ്റ്റേഷനിൽ നിന്ന് വാടകയ്ക്കെടുക്കാം, സ്വയംഓടിച്ചുപോകാം .

ദക്ഷിണ റെയിൽവേക്കു കീഴിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 'റെന്റ് എ കാർ' സംവിധാനത്തിന് ഇന്നലെ തുടക്കമായി.

ഓരോ സ്റ്റേഷനുകളിലും നിർദിഷ്ട പാർക്കിംഗ് സ്ഥലത്ത് 5 കാറുകൾ റെന്റ് എ സംവിധാനം വഴി നൽകാൻ തയ്യാറാക്കി നിർത്തും. യാത്രക്കാരുടെ ആവശ്യാനുസരണം ഇവ വിട്ടുകൊടുക്കുകയും ചെയ്യും. ഒരു സ്റ്റേഷനിൽ നിന്നു സേവനത്തിനായി വാടയ്ക്ക് എടുക്കുന്ന വാഹനം അതേ സ്റ്റേഷനിൽ തന്നെ തിരികെ എത്തിക്കണമെന്നില്ല. പകരം ഈനാല് സ്റ്റേഷനുകളിൽ ഏതെങ്കിലുമൊന്നിൽ എത്തിച്ചാൽ മതി. കാർ ബുക്ക് ചെയ്യാനുള്ള കിയോസ്കുകളും റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചുണ്ട്.

തിരുവനന്തപുരം ഡിവിഷനുകീഴിലുള്ള എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തിരുവനന്തപുരം സെൻട്രൽ , തൃശ്ശൂർ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയകരമായാൽ സ്ഥിരമാക്കും . മൂന്നുമാസംകൊണ്ട് മൂന്നര ലക്ഷത്തിലേറെ രൂപ ലൈസൻസ് ഫീസ് ഇനത്തിൽമാത്രം റെയിൽവേക്ക് വരുമാനം ലഭിക്കും.

# വ്യാപിപ്പി​ക്കും

പ്രമുഖ ഓട്ടോ മൊബെെൽ ഡീലറായ ഇൻഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാണു പദ്ധതി. മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്. വിജയകരമെന്നുകണ്ടാൽ മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.ഓൺലൈൻ ബുക്കിങ് സൗകര്യവും പരിഗണനയിലുണ്ട്. എം. ബാലമുരളി , തിരുവനന്തപുരം ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ