കൊച്ചി:: കലൂർ 110 കെ.വി സബ്സ്റ്റേഷന്റെ ശേഷി 220 കിലോ വാട്ടിലേക്ക് ഉയർത്തുന്നതിനുള്ള ജോലികൾ അവസാനഘട്ടത്തിലെത്തി. ബ്രഹ്മപുരം സബ് സ്റ്റേഷനിൽ നിന്ന് 220 കെ.വി.ലൈൻ വഴി കലൂരിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ലൈനിന്റെ നിർമ്മാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ബ്രഹ്മപുരത്തുനിന്ന് തുതിയൂർ വരെ നാലര കിലോ മീറ്റർ ദൂരം നിർമ്മാണം പൂർത്തിയായി.തുതിയൂരിൽ നിന്ന് കലൂരിലേക്ക് ഭൂമിക്കടിയിലൂടെ കേബിൾ വലിക്കും. ദേശീയപാത സർവീസ് റോഡുമുതൽ കൊച്ചാപ്പള്ളി റോഡ്,സിവിൽ ലൈൻ റോഡ് വഴിയാവും ഇത്.

റോഡ് വെട്ടിപ്പൊളിക്കാതെ പുതിയ സാങ്കേതികവിദ്യയിൽ നടത്തുന്ന നിർമ്മാണം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ രാത്രിയിലായിരിക്കുമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.എ. ഷാജി അറിയിച്ചു.

1993 ൽ പ്രവർത്തനം ആരംഭിച്ച കലൂർ സബ്സ്റ്റേഷനിൽ നിന്നാണ് നഗരത്തിന്റെ ഹൃദയഭാഗങ്ങളിലേക്ക് വൈദ്യുതി വിതരണം നടത്തുന്നത്.

നിലവിൽ ഹൈക്കോടതി പരിസരം, എം.ജി.റോഡ്, തേവര, വടുതല, ചിറ്റൂർ, ഇടപ്പള്ളി, വെണ്ണല, കലൂർ തുടങ്ങി നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം വൈദ്യുതി എത്തുന്നത് കലൂർ സബ് സ്റ്റേഷനിൽ നിന്നാണ്. വൈദ്യുതി എത്തിക്കുന്ന 110 കെ.വി ലൈനുകൾ പരമാവധി ശേഷിയിൽ ഉപയോഗിക്കുന്നതിനാൽ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ കഴിയാത്ത സാഹചര്യമാണ്. ട്രാൻസ് ഗ്രിഡ് പ്രോജക്‌ടിൽ ഉൾപ്പെടുത്തി 110 കോടി രൂപ ചെലവിലാണ് ഇവിടെ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ നിർമ്മിക്കുന്നത്.