വൈപ്പിൻ: ചെറായി ബീച്ചിൽ മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തി. ലൈസൻസ് ഉൾപ്പെടെനിയമപരമായ അനുമതി ഇല്ലാത്ത സ്ഥാപനങ്ങളും ഖര-ദ്രവ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും സ്ഥാപന-പരിസരശുചിത്വം പാലിക്കാത്തതും കണ്ടെത്തി. മലിനമായ ഫ്രീസറിൽ സൂക്ഷിച്ച ആഴ്ചകൾ പഴക്കമുള്ള പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. അതിഥി തൊഴിലാളികൾ ഉൾപ്പെടെ ആഹാരം പാചകം ചെയ്യുകയും വിതരണം ചെയ്യുന്നവരുമായ ജീവനക്കാർ ഹെൽത്ത് കാർഡ് ഇല്ലാതെ ജോലിചെയ്യുന്നുണ്ട്. പുകയില നിരോധന നിയമലംഘനവും കണ്ടെത്തി. മൂന്ന് സ്ഥാപനങ്ങൾ അടപ്പിച്ചു. ആറ് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി. ഡോ: കീർത്തിയുടെ നിർദേശപ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർ സോജി.എം.എ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.ജി.ആന്റണി, രതീഷ്.കെ.വി, നിഷ.എ.കെ, ആനന്ദ് സാഹർ എന്നിവരടങ്ങിയ സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.