വൈപ്പിൻ : കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി മുങ്ങിയയുവാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഞാറയ്ക്കൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പാെലീസിനു ഉത്തരവ് നൽകി. എളങ്കുന്നപ്പുഴ വളപ്പ് വാലത്ത് സുബിൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. റോഷൻ ജോസഫ് സുൽത്താൻ ബത്തേരി , വയനാട് എന്ന വിലാസമാണ് തട്ടിപ്പുകാരൻ നൽകിയത് . തെളിവിനായി ആധാർകാർഡിന്റെ കോപ്പിയും നൽകി. പണം നൽകിയിട്ടും ജോലിയെക്കുറിച്ച് ഒരു വിവരവുമില്ലാതെ വന്നപ്പോൾ സുൽത്താൻ ബത്തേരിയിൽ ചെന്ന് അന്വഷിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്ന് മനസി​ലായത്. വാട്‌സ് ആപ് അക്കൗണ്ടിൽ സുബിന്റെ ഫോട്ടോ ഡിസ്‌പ്ലേ പിക്ചറായി​ ഉപയോഗിച്ച് ഇയാൾ വീണ്ടും പലരെയും കബളിപ്പിച്ചു. എല്ലാ സന്ദേശങ്ങളും വാട്‌സ് ആപ് വഴി കൈമാറുകയാണ് പതി​വ്. ബാങ്ക് അക്കൗണ്ട് നമ്പറും , ജോലിയുടെ എഗ്രിമെന്റ് കോപ്പികളുമെല്ലാം വാട്‌സ് ആപ്പിലൂടെ അയച്ചു കൊടുക്കും. പണം നൽകിയവർവി​ളി​ക്കുമ്പോൾസുബിന്റെ നമ്പർ നൽകും. പിന്നീട് തട്ടിപ്പ് വീരന്റെ നമ്പറിലേക്ക് വിളിച്ചാൽ ഫോൺ സ്വിച്ച്ഡ് ഓഫായിരിക്കും.. രണ്ട് മാസം മുമ്പ് തോപ്പുംപടിയിൽ വെച്ച് പരിചയപ്പെട്ട മാള സ്വദേശി ഹരികുമാർ എന്ന യുവാവ് മുഖേനയാണ് സുബി​ൻ റോഷൻ ജോസഫിനെ പരിചയപ്പെടുന്നത്. ഒരു ലക്ഷം രൂപ തന്നാൽ മുംബെയിലെ ബെൽഫാസ്റ്റ് പോർട്ട് ലിമിറ്റഡ് എന്ന സ്ഥാപനം വഴി ഇംഗ്ലണ്ടി​ലെ കപ്പലിൽ ജോലിയാണ് വാഗ്ദ്ധാനംചെയ്യുന്നത്. . കമ്പനിയുടെ വിവരങ്ങളും വിസ വിവരങ്ങളുമെല്ലാം ഇയാൾ മുംബെയിൽ നിന്നും അയച്ചു കൊടുത്തു. ഇത് പരിശോധിച്ച് ഉറപ്പാക്കും മുമ്പേ പണം അയച്ചു തരാൻ നിർബന്ധിച്ചതിനാൽ ഇയാളുടെ പേരിൽ ബാങ്ക് ഓഫ് ബറോഡ മുംബയ് ജൂഹിനഗർ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ അയച്ചു . . സുബിൻ ഉൾപ്പെടെ നാലുപേരിൽ നിന്നായി ഏഴുലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് , മലപ്പുറം , മാള എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റ് മൂന്നു പേർ. സുബിൻ നൽകിയ പരാതിയിൽ ഞാറക്കൽ പൊലീസ് കേസെടുക്കാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരനു വേണ്ടി അഡ്വ. ഡെനിസൺ കോമത്ത് ഹാജരായി.