വൈപ്പിൻ: കാർഷികരംഗത്തെ വിജ്ഞാനവ്യാപനം ലക്ഷ്യമാക്കി ആകാശവാണി ഇന്ന് റേഡിയോ കിസാൻദിവസ് ആയി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചി നിലയം, കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെയും ഓച്ചന്തുരുത്ത് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ കാർഷിക ശില്പശാലയും കലാപരിപാടികളും സംഘടിപ്പിക്കുന്നു. കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാചമന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആകാശവാണി കൊച്ചി നിലയം ഡയറക്ടർ ലീലാമ്മ മാത്യു, കൊച്ചി നിലയം ഡെപ്യൂട്ടി എൻജിനീയർ പി. ആർ. ഷാജി, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉണ്ണിക്കൃഷ്ണൻ, ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ എന്നിവർ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന സെമിനാറിൽ കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ. ടി. വി. ശങ്കർ മോഡറേറ്റർ ആയിരിക്കും. ഡോ. ഡെയ്‌സി കാപ്പൻ, ടി. ദിലീപ്കുമാർ, അശോക്‌കുമാർ നായർ എന്നിവർ ക്ലാസെടുക്കും. മുഖാമുഖം' പരിപാടിയിൽ മലമനുഷ്യൻ എന്നറയിപ്പെടുന്ന ജലതുരങ്ക നിർമ്മാണ വിദഗ്ദ്ധൻ കുഞ്ഞമ്പു, പതിനെട്ടോളം നാടൻ പശുക്കളെ പരിപാലിക്കുന്ന യുവസംരംഭക ലക്ഷ്മിപ്രിയ എന്നിവർ പങ്കെടുക്കും. തൃശൂർ നാടകസംഘം അവതരിപ്പിക്കുന്ന തിയേറ്റർ സ്‌കെച്ചസ് , ഗാനമേള എന്നിവയുമുണ്ടാകും.