കൊച്ചി : പൊലീസ് ആസ്ഥാനത്തെ അഴിമതികളും ക്രമക്കേടും സർക്കാർ അറിഞ്ഞിട്ടില്ലെങ്കിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റിനിറുത്തി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി.ടി.തോമസ് എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടന്നതെങ്കിൽ മുഖ്യമന്ത്രിക്ക് ഇനി സ്ഥാനത്ത് തുടരാൻ അർഹതയില്ല.
ഡി.ജി.പി.യുടെ ചേംബറിൽ സ്വകാര്യസ്ഥാപനത്തിന്റെ പ്രതിനിധി കയറി കമ്പ്യൂട്ടറുകളും മറ്റും പരിശോധിക്കുകയാണ്. കേരളത്തിൽ പ്രധാന കേസുകളും പൊലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച വിവരങ്ങളുമെല്ലാം അടങ്ങിയ കമ്പ്യൂട്ടർ മറ്റൊരാൾക്ക് കൈകാര്യം ചെയ്യാൻ കൊടുത്തിരിക്കുകയാണ്.
പൊലീസ് സ്റ്റേഷനുകളിലെ ബേബി കെയർ പദ്ധതിയിലും ജനമൈത്രി പദ്ധതിയിലൂടെയുമെല്ലാം നടന്ന സാധനങ്ങളുടെ വാങ്ങലും പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനെ മറികടന്നുള്ള നിർമ്മാണങ്ങളും അന്വേഷിക്കണം. ഡി.ജി.പി.യുമായി ബന്ധപ്പെട്ട എല്ലാരേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി ഇടപെടൽ ഉണ്ടാവണം. ഇല്ലെങ്കിൽ രേഖകൾ തിരുത്താനുള്ള സാദ്ധ്യതയുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു.