കൊച്ചി : കോതമംഗലം ചെറിയപള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധി നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന വിധി മൂന്നു മാസമായി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് ഇത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ചെറിയപള്ളി ഏറ്റെടുത്ത് കൈമാറുന്നതിനായി പദ്ധതി തയ്യാറാക്കി എറണാകുളം ജില്ലാ കളക്ടർ ഫെബ്രുവരി 25 ന് നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിർദ്ദേശിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതു നടപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടിയെടുത്തില്ലെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗത്തിനു വേണ്ടി വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ ഇതുവരെ അപ്പീൽ നൽകിയിട്ടില്ല. വിധി നടപ്പാക്കുന്നുമില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ല. ഇക്കാര്യത്തിൽ നടപടി എടുത്തേ പറ്റൂവെന്നും സിംഗിൾബെഞ്ച് ഹർജി പരിഗണിക്കവെ വാക്കാൽ പറഞ്ഞു. തുടർന്നാണ് കളക്ടർ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്.