കൊച്ചി: എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ തയ്യാറാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായുള്ള 211 പ്രവൃത്തികളിൽ 33 എണ്ണത്തിനു മാത്രമാണ് സർക്കാർ ഭരണാനുമതി നൽകിയതെന്നും ബാക്കിയുള്ളവയ്ക്ക് ഉടൻ ഭരണാനുമതി നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഗാന്ധിനഗർ സ്വദേശികളായ ബി. വിജയകുമാർ, കെ.ജെ. ട്രീസ എന്നിവർ തേവര - പേരണ്ടൂർ കനാലിലെ നീരൊഴുക്ക് പുന:സ്ഥാപിച്ച് നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. റെയിൽവെയുടെ ഭൂമിയോടു ചേർന്നുള്ള കലുങ്കിന്റെ പണിയെക്കുറിച്ച് അധികൃതർ തങ്ങളെ വിവരം അറിയിച്ചിട്ടില്ലെന്ന് റെയിൽവെ അധികൃതർ കോടതിയിൽ വിശദീകരിച്ചു. റെയിൽവെയുടെ പങ്കാളിത്തം ഇല്ലാതെ ഇതു നടക്കില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഭരണാനുമതി ഇല്ലാതെ പ്രവൃത്തികൾ ചെയ്യാൻ കഴിയില്ല. എല്ലാ വർക്കുകൾക്കും അനുമതി നൽകണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

 പണികൾ കോടതി നിരീക്ഷിക്കും

അടുത്ത മഴക്കാലത്തിനു മുമ്പ് പണികൾ പൂർത്തിയാക്കേണ്ടതിനാൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പണികൾ ദിനംതോറും കോടതി നിരീക്ഷിക്കുമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. മേൽനോട്ടം വഹിക്കാനായി നിയോഗിച്ച ഉന്നതതലസമിതി യോഗംചേരാൻ കോടതി പറഞ്ഞിരുന്നെങ്കിലും ഇതു ചേർന്നതായി കാണുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. രണ്ടു ദിവസത്തിനുള്ളിൽ ഉന്നതതലസമിതി യോഗം ചേരണമെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം ഇന്ന് സമിതി യോഗം ചേരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹർജികൾ വീണ്ടും ഫെബ്രുവരി 19 ന് പരിഗണിക്കും.