കോതമംഗലം: കോതമംഗലം താലൂക്കിലെ ആദ്യത്തെ സിന്തറ്റിക് ടർഫ് ഫുട്‌ബാൾ കോർട്ട് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമായിരിക്കുന്നു. ഫർണീച്ചർ സിറ്റിയായ നെല്ലിക്കുഴിയിൽ ഗ്രീൻവാലി സ്‌കൂൾ റോഡിന് അഭിമുഖമായി എറ്റവും നവീനമായ കൃത്രിമ പുൽത്തകിടിയോടുകൂടിയ ഫ്ലഡ്‌ലിറ്റ് ഫുട്‌ബാൾ കോർട്ടാണ് സോക്കർ അരീന ഫുട്‌ബാൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയിരിക്കുന്നത്. കോർട്ടിന്റെ സമർപ്പണോദ്ഘാടനം ഇന്ന് രാത്രി 7.30ന് ഫുട്‌ബാൾ ഇതിഹാസതാരം ഐ.എം. വിജയൻ നിർവഹിക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന 'ഫൈവ്‌സ്' ഫുട്‌ബാൾ ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക കായികമേഖലയിലെ പ്രമുഖരും സംബന്ധിക്കും. കോതമംഗലം മേഖലയിലെ ആദ്യ സിന്തറ്റിക് ഫുട്‌ബാൾ ടർഫ് മെതാനമാണിത്.പുതുതലമുറയിലെ ഫുട്‌ബാൾ താരങ്ങളെ വാർത്തെടുത്ത് വളർത്തുന്നതിനുള്ള വേദി ഒരുക്കുകയാണ് സോക്കർ അരീന ഫുട്‌ബാൾ ക്ലബ്ബ്.ഇതിന്റെ ഭാഗമായ സ്‌പോർട്‌സ് അക്കാഡമിയും ആരംഭിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.സോക്കർ അരീന സ്‌പോർട്‌സ് അക്കാഡമി ഭാരവാഹികളായ വിനോദ് കെ. എബ്രഹാം (മാനേജിംഗ് ഡയറക്ടർ), ഡയറക്ടർമാരായ ബിനു ഇറമ്പത്ത്, എൽദോസ് പി.ജോയി, രാംകുമാർ എച്ച്, പ്രോഗ്രാം കോ ഓർഡിനേറ്റർ സലാം കാവാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.