നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് കേസുകളിൽ നിന്നായി 60 ലക്ഷത്തോളം രൂപ വിലവരുന്ന ഒന്നര കിലോയിലേറെ സ്വർണം കസ്റ്റംസ് പിടികൂടി. തമിഴ്‌നാട് സ്വദേശിനിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ കോലാലംപൂരിൽ നിന്ന് കൊച്ചിയിലെത്തിയ ചെന്നൈ മണ്ണയില ഹാർബറിൽ ആബിദ ബാനുവിൽ നിന്നും 356 ഗ്രാം അനധികൃത സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിയിൽ നിന്ന് പുലർച്ചെ അഞ്ചരയോടെയെത്തിയ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം വള്ളിയാങ്കുളം തെക്കോട്ട് വീട്ടിൽ ജാബിറിൽ നിന്നും 174 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇയാൾ സ്വർണമാലയാക്കി ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഷാർജയിൽ നിന്നെത്തിയ മലപ്പുറം അരീക്കോട് സ്വദേശിയിൽ നിന്നും ഒരു കിലോയിലേറെ തൂക്കം വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. നാല് പാക്കറ്റുകളിലാക്കി അടിവസ്ത്രത്തിന് ഉള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.