ആലുവ: നഗരത്തിലെ ഇ ടോയ്‌ലറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി.
നഗരസഭാ പരിധിയിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ശുചിമുറികളില്ലെന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ദുരിതം അനുഭവിക്കേണ്ടി വരികയാണെന്നും കീഴ്മാട് സ്വദേശി കെ. രഞ്ജിത്ത് കുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. നഗരസഭാ പരിധിയിൽ 15, 23 വാർഡുകളിൽ 16 പൊതു ശുചിമുറികൾ നിലവിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നഗരസഭയിലെ ഇ – ടോയ്‌ലെറ്റുകൾ സാങ്കേതിക തകരാർ കാരണം പ്രവർത്തനരഹിതമാണ്. ഇവ നന്നാക്കാൻ എൻജിനീയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ ശുചിത്വ മിഷന്റെസാമ്പത്തിക സഹായത്തോടെ 22 ശുചിമുറികൾ നിർമ്മിക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.