alan-shuhaib-case

കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റുചെയ്ത അലൻ ഷുഹൈബ് രണ്ടാം സെമസ്റ്റർ എൽഎൽ.ബി പരീക്ഷ എഴുതാൻ അനുമതി തേടി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ എൻ.ഐ.എ, കണ്ണൂർ യൂണിവേഴ്സിറ്റി എന്നിവരുടെ നിലപാട് തേടി. ചൊവ്വാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. തിങ്കളാഴ്ച മറുപടി നൽകാനാണ് നിർദ്ദേശം.

എൽഎൽ.ബി വിദ്യാർത്ഥിയായ അലനെയും ജേർണലിസം വിദ്യാർത്ഥിയായ താഹയെയും കഴിഞ്ഞ നവംബർ ഒന്നിന് രാത്രിയിലാണ് പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് മാവോയിസ്റ്റ് സംഘടനകളുടെ ലഘുലേഖകളും മറ്റും പിടിച്ചെടുത്തതിനെത്തുടർന്ന് യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തി. പിന്നീടാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്.

റിമാൻഡ് നീട്ടി

അലന്റെയും താഹയുടെയും റിമാൻഡ് കാലാവധി എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി മാർച്ച് 13 വരെ നീട്ടി. ഇന്നലെ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് വിയ്യൂർ ജയിലിൽ കഴിയുന്ന ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്.