കിഴക്കമ്പലം: വിരണ്ടോടി നാലു മണിക്കൂർ നാടു വിറപ്പിച്ചപോത്ത് ഒരാളെ കുത്തി പരിക്കേൽപ്പിച്ചു കിഴക്കമ്പലത്ത് താമരച്ചാൽ കൊട്ടാരത്തിൽ കരുണാകരനെയാണ് (65) കുത്തി പരിക്കേല്പിച്ചത് . ടൗണിൽ വീട്ടു സാധനങ്ങൾ വാങ്ങാനെത്തിയ ഇദ്ദേഹത്തെ പരിക്കുകളോടെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് കാവുങ്ങപ്പറമ്പിലെ കശാപ്പുശാലയിൽ കശാപ്പിനായി പിടിച്ചപ്പോൾ പോത്ത് പിടി വിട്ട് ഓടിയത്. നാല് കിലോമീറ്ററോളം ദൂരം ഓടിയെത്തിയ പോത്ത് മാർക്കറ്റ് ജംഗ്ഷന് സമീപം എത്തിയപ്പോഴാണ് ഒരാളെ കുത്തി പരിക്കേൽപ്പിച്ചത്. വിലങ്ങ്, വാച്ചേരിപ്പാറ, കിഴക്കമ്പലം പ്രദേശങ്ങളിലൂടെയാണ് വിരണ്ടോടിയത്. പോത്തിനെ പിടികൂടാൻ വടവുമായി നാട്ടുകാരും കശാപ്പുശാലക്കാരും പിന്നാലെ പാഞ്ഞെങ്കിലും പരാക്രമം തുടർന്നതിനാൽ ആർക്കും അടുക്കാൻ കഴിഞ്ഞില്ല. പിന്നീട് അങ്ങാടിയിലെത്തിയപ്പോൾ പോത്തു കൂട്ടങ്ങൾ നില്ക്കുന്ന തൊഴുത്തിനടുത്ത് നില്പുറപ്പിച്ച പോത്തിനെ പാണാമ്പുറത്ത് തോമസിന്റെ നേതൃത്വത്തിൽ പിടിച്ചുകെട്ടി. കാവുങ്ങപ്പറമ്പ് ബഷീറിന്റെപോത്താണ് പരാക്രമം കാണിച്ചതെന്ന് കുന്നത്തുനാട് പൊലീസ് പറഞ്ഞു.പോത്തിനെ തിരിച്ച് കൊണ്ടു പോയി.