കൊച്ചി: കേരള വാട്ടർ അതോറിറ്റി എറണാകുളം, ഇടുക്കി ജില്ലകളിലെ കരാറുകാർ ഫെബ്രുവരി 17 മുതൽ അനിശ്ചിതകാല സമരം നടത്തും. കഴിഞ്ഞ രണ്ട് വർഷമായി കുടിശികയായ തുക ലഭിക്കാത്തതിനെ തുടർന്നാണ് സമരം. എം.എൽ.എ വർക്കുകൾ, പൈപ്പ്ലൈൻ അറ്റകുറ്റപണികൾ, സ്റ്റേറ്റ് പ്ളാൻ വർക്കുകൾ, വരൾച്ചാ-വെള്ളപ്പൊക്ക ദുരിതാശ്വാസ വർക്കുകൾ, എൻ.ആർ.ഡി.ഡബ്ളി​യു..പി വർക്കുകളുടെ തുകകയെല്ലാം കുടിശികയാണെന്ന് കേരള വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.ആർ സത്യൻ വാ‌ർത്താക്കുറിപ്പിലൂടെ അറിയിച്ചു. അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ നിലവിലുള്ള പൈപ്പ്ലൈൻ അറ്റകുറ്റ പണികൾ ഉൾപ്പെടെയുള്ള എല്ലാ വർക്കുകളും നിറുത്തിവച്ച് സമരം ചെയ്യാനാണ് തീരുമാനം.

കരാറുകാരുടെ ആവശ്യങ്ങൾ

1. പൈപ്പ്ലൈൻ അറ്റകുറ്റപ്പണി വർക്കുകളുടെ കുടിശിക തീർക്കുക

2. വരൾച്ചാ-വെള്ളപ്പൊക്ക ദുരിതാശ്വാസ വർക്കുകളുൾപ്പെടെയുള്ള പ്ളാൻ വർക്കുകളുടെ കുടിശിക തീർക്കുക

3. കേരള ഷെഡ്യൂൾ ഒഫ് റേറ്റ് അനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുക

4. നിലവിലുള്ള എസ്റ്റിമേറ്റ് + ജി.എസ്.ടി സംവിധാനം അട്ടിമറിക്കാതിരിക്കുക

5. ഇ-ടെണ്ടർ നടപടി പൂർത്തിയായ വർക്കുകളുടെ ഇ.എം.ഡി തിരികെ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കുക

6. വാട്ടർ അതോറിറ്റിയിൽ ബിൽ ഡിസ്കൗണ്ടിംഗ് സിസ്റ്റം നടപ്പിലാക്കുക

7. മെയിന്റനൻസ് വർക്കുകൾക്കുള്ള മുഴുവൻ മെറ്റീരിയൽസും കരാറുകാർക്ക് വാട്ടർ അതോറിറ്റി നൽകുക

8. ഇ-ടെൻഡർ നിയമങ്ങൾ പി.ഡബ്ല്യു.ഡിക്ക് സമാനമായി വാട്ടർ അതോറിറ്റിയും തുടരുക

9. പഞ്ചായത്ത്, പി.ഡബ്ല്യു.ഡി, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ റോഡുകളിലെ പൈപ്പ്ലൈൻ വർക്കുകൾക്കുള്ള അനുവാദംവാങ്ങിനൽകുക

10. ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാതെ പുതിയ ലൈസൻസ് നൽകുന്നത് അവസാനിപ്പിക്കുക

11. കരാറുകാർക്കെതിരെയുള്ള കരിനിയമങ്ങൾ അവസാനിപ്പിക്കുക

12. കുടിശിക നൽകി തീർത്തതിന് ശേഷം മാത്രം പുതിയ ടെൻഡറുകൾ വിളിക്കുക