കൊച്ചി : മറൈൻഡ്രൈവിലെ കെട്ടിടങ്ങളിൽ നിന്ന് സ്വീവേജ് മാലിന്യം കായലിലേക്ക് ഒഴുക്കുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അമിക്കസ് ക്യൂറിക്ക് നിർദ്ദേശം നൽകി. ശനി, ഞായർ ദിവസങ്ങളിൽ അമിക്കസ് ക്യൂറി പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കി നൽകണം. മറൈൻഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് തമ്പി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
മലിനജലം ശുദ്ധീകരിച്ചാണ് കായലിലേക്ക് ഒഴുക്കിവിടുന്നതെന്ന് മറൈൻഡ്രൈവിന് സമീപത്തെ പാർപ്പിട സമുച്ചയങ്ങളിൽ നിന്നുള്ളവർ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ശുദ്ധീകരിച്ചജലവും കായലിലേക്ക് ഒഴുക്കാനാവില്ലെന്ന് കൊച്ചി നഗരസഭയുടെയും ജി.സി.ഡി.എയുടെയും അഭിഭാഷകർ വാദിച്ചു. തുടർന്നാണ് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയോടു നിർദ്ദേശിച്ചത്. ഹൈക്കോടതിയുത്തരവ് അനുസരിച്ച് മറൈൻഡ്രൈവിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം ജി.സി.ഡി.എ സെക്രട്ടറി സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾ ശരിയല്ലെന്നും അമിക്കസ് ക്യൂറിയോട് ഇക്കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെടണമെന്നും ഹർജിക്കാരൻ നിർദ്ദേശിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഡിവിഷൻബെഞ്ച് പരിശോധന നടത്താൻ ഇടക്കാല ഉത്തരവു നൽകിയത്.