കോലഞ്ചേരി: കോഴിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ വൃദ്ധനെ പട്ടിമറ്റം ഫയർഫോഴ്‌സ് രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം. വെങ്ങോല മേപ്രത്തുപടിക്ക് സമീപം തേക്കമലയിൽ താമസിക്കുന്ന തൊട്ടിപ്പറമ്പിൽ പത്രോസാണ്(72) കിണറ്റിൽ അകപ്പെട്ടത്. വീട്ടുകാർ സഹായം തേടിയതോടെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.പി മോഹനന്റെ നേതൃത്വത്തിൽ പട്ടിമറ്റം ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 35 അടി ആഴമുള്ള കിണറ്റിൽ ആറടിയോളം വെള്ളമുണ്ടായിരുന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്ക്കരമായിരുന്നു. എം ജി ബിജു, ബിബിൻ എ തങ്കപ്പൻ, ജെയിംസ് നോബിൾ, ഉണ്ണികൃഷ്ണൻ എസ്, ബിബി കെ എം, സിജാസ് എ പി, യോഹന്നാൻ എം വി, ജോണി എം വി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.