krithi
'സമകാല മലയാള സിനിമ' എന്ന വിഷയത്തിൽ നടന്ന ചർച്ച

കൊച്ചി: വായിക്കാനുള്ള പുസ്തകങ്ങൾ മാത്രമല്ല, കേൾവിക്കാർക്ക് കൂടെകൂട്ടാവുന്ന ഒരുപാട് അനുവഭങ്ങൾ പങ്കുവയ്ക്കുകയാണ് സമൂഹത്തിന്റെ വിവിധതുറകളിലെ പ്രമുഖർ കൃതി പുസ്തകമേളയിൽ. മലയാളി അറിയേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളും അനുഭവങ്ങളും നിറയുകയാണ് കൃതിയിലെ പലവേദികളിലും. 'സമകാല മലയാള സിനിമ' എന്ന വിഷയത്തിൽ ജി.പി രാമചന്ദ്രൻ, ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ എന്നിവർ പങ്കെടുത്തു.

മലയാളം സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റി പഠിക്കാനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് വായിക്കലാണ് സമകാല മലയാള സിനിമയുമായി ബന്ധപ്പെട്ടവർ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമെന്നും മലയാള സിനിമയിൽ നിന്നുപോന്ന പുരുഷാധികാരത്തെ തുറന്ന് കാട്ടുന്ന ആ റിപ്പോർട്ട് വായിക്കേണ്ടത് രാമായണമാസാചരണം പോലെ ആചരിക്കേണ്ടതാണെന്നും ജി.പി രാമചന്ദ്രൻ പറഞ്ഞു.

മലയാള സിനിമയിൽ 15 വർഷം കൊണ്ട് ന്യൂജനറേഷൻ തരംഗമുണ്ടായി. സകല മേഖലകളിലും കടന്ന് വന്ന സൂപ്പർതാരാനന്തര തലമുറ മലയാള സിനിമയെ മാറ്റിമറിച്ചു. നവമാധ്യമ കാലത്ത് പ്രേക്ഷകവിപണിയും സിനിമ കാണുന്ന രീതിയും മാറി. ആഗോളീകരണ ലോകത്തെ തത്സമയ പ്രേക്ഷകനോടാണ് മലയാള സിനിമ സംസാരിക്കുന്നതെന്ന് ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു.

ചിത്രകാരൻ പാടുന്ന പാട്ട് വേറെ

വളവില്പനക്കാരൻ പാടുന്ന പാട്ട് വേറെ

കഥകളിപ്പദങ്ങളാണ് മലയാളത്തിലെ ഗാനങ്ങളുടെ തൊട്ടുമുൻപുള്ള മുൻഗാമി. ലളിതഗാന രചനയിൽ എഴുത്തുകാരൻ പൂർണസ്വതന്ത്രനാണ്. എന്നാൽ സിനിമയിൽ ഇതിവൃത്തം, കഥാപാത്രത്തിന്റെ പശ്ചാത്തലം, സംവിധായകൻ, നിർമാതാവ്, നിർമാതാവിന്റെ സുഹൃത്തുക്കൾ തുടങ്ങിയവർ ഉന്നയിക്കുന്ന നിബന്ധനകളുണ്ടെന്നും ഗാനരചനയിതാവ് ശ്രീകുമാരൻ തമ്പി ഗാനരചനയുടെ തച്ചുശാസ്ത്രം എന്ന വിഷയത്തിൽ സംസാരിച്ചു.

ഹൃദയസരസിലെ പ്രണയപുഷ്‌മേ എന്ന ഹിറ്റ് ഗാനമുള്ള പാടുന്ന പുഴ എന്ന സിനിമയിലെ നായകൻ ചിത്രകാരനാണ്. അതുകൊണ്ടാണ് എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തീ ഇത്രയും അരുണിമ നിൻ കവിളിൽ എന്നെഴുതിയത്. എന്നാൽ വളവില്പനക്കാരന് പാടാനുള്ള പാട്ടെഴുതിയപ്പോൾ ചാലക്കമ്പോളത്തിൽ വെച്ച് നിന്നെ കണ്ടപ്പോൾ നാലണയ്ക്ക് വളയും വാങ്ങി നീ നടന്നപ്പോൾ എന്നെഴുതി.