ആലുവ: കോടികൾ ചെലവഴിച്ച് കൊച്ചി മെട്രോ നിർമ്മിച്ച സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള ചെടികളും പുല്ലുകളും കരിഞ്ഞുണങ്ങുന്നു. മെട്രോസ്റ്റേഷനും പുളിഞ്ചോട് കവലക്കും ഇടയിലുള്ള സൗന്ദര്യവത്കരണ പ്രദേശത്തെ ചെടികളാണ് നശിക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. കടുത്ത വേനലായിട്ടും ചില ഭാഗങ്ങളിൽ മാത്രമാണ് വെള്ളം നനക്കുന്നത്. ഭൂരിഭാഗം പ്രദേശത്തും സംരക്ഷണത്തിന് ആളില്ലാത്ത അവസ്ഥയാണ്. ഇതാണ് ചെടികളും പുല്ലും നശിക്കുന്നതിന് ഇടയാക്കുന്നത്.
വെയിലേറ്റ് ഉണങ്ങി നശിക്കുന്നതിന് പുറമെ മാലിന്യങ്ങൾ നിറഞ്ഞും വാഹനങ്ങളുടെ അനധികൃത പാർക്കിംഗിലൂടെയും പദ്ധതി നശിക്കുന്നുണ്ട്.
സൗന്ദര്യവത്കരണ പ്രദേശം വലുതും ചെറുതുമായ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഏരിയയായി മാറിയിട്ടുണ്ട്. വലിയ ലോറികളാണ് ഇതിൽ കൂടുതൽ ദുരിതമാകുന്നത്. ഇവരടക്കം പുൽത്തകിടികൾ, നടപ്പാതകൾ തുടങ്ങിയവ കൈയേറിയും വാഹനങ്ങൾ ഇടുന്നുണ്ട്. ഇത് പുല്ലും ചെടികളും വ്യാപകമായി നശിക്കാനിടയാക്കുന്നു.