jomon
ജോമോൻ അലേഷ്യസ്

ആലുവ: മയക്കുമരുന്നുമായി രണ്ട് യുവാക്കളെ ആലുവയിൽ എക്‌സൈസ് അറസ്റ്റുചെയ്തു. കൊച്ചി പാമ്പായിമൂലയിലെ രഹസ്യകേന്ദ്രത്തിൽ താമസിക്കുകയായിരുന്ന ഫോർട്ടുകൊച്ചി അമരാവതി കുന്നേൽവീട്ടിൽ ജോമോൻ അലേഷ്യസ് (38), പള്ളുരുത്തി കടേഭാഗം ചാണേപറമ്പിൽ വീട്ടിൽ റിഷാദ് അഷ്റഫ് (29) എന്നിവരാണ് പിടിയിലായത്. ജോമോനിൽ നിന്ന് മുക്കാൽ കിലോയോളം കഞ്ചാവും റിഷാദിൽ നിന്ന് നിരവധി നൈട്രോസിപാം ഗുളികകളും പിടിച്ചെടുത്തു.

ജോമോൻ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. നേരത്തെയും മാരകമായ മയക്കുമരുന്ന് ആംപൂളുകളുമായി ഇയാൾ ആലുവ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. നൈട്രോസിപാം ഗുളികകൾ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഉപയോഗിക്കുന്ന വേദന സംഹാരിയാണ്. ഡോക്ടറുകടെ വ്യാജചീട്ടു സംഘടിപ്പിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഗുളികകൾ വാങ്ങി വില്പന നടത്തി വരികയായിരുന്നു. ഒരു സ്ട്രിപ്പ് ഗുളികക്ക് ഏകദേശം 500 മുതൽ 1000 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. ഇവയിൽ നിന്ന് ഒരെണ്ണം തന്റെ സ്വന്തം ഉപയോഗത്തിനായി അടർത്തിമാറ്റിയിട്ടാണ് വില്പന നടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു.

പ്രതികളിൽ നിന്നും മയക്കുമരുന്ന് റാക്കറ്റുളെക്കുറിച്ച് എക്‌സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സെൻട്രൽ ജയിലുകളിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ച് വരുന്നവർ മുഖേനയാണ് മയക്കുമരുന്നുകൾ ലഭിക്കുന്നതെന്ന് വിവരം. ഇത് സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്നും എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബു അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.എസ്. പ്രമോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എക്‌സ്. റൂബൻ, എസ്. സിദ്ധാർത്ഥകുമാർ, കെ.വി. വിപിൻദാസ്, കെ.കെ. രാജേഷ്, മനോജ് എന്നിവർ പങ്കെടുത്തു.