കൊച്ചി: വാലന്റൈൻസ് ഡേ പരിപാടിയെച്ചൊല്ലി എറണാകുളം ലാ കോളേജിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു..രാവിലെ 11 മണിയോടെ പ്രണയലേഖനം എഴുതി വായിപ്പിക്കുന്നതായിരുന്നു എസ്.എഫ്.ഐ സംഘടിപ്പിച്ച ആദ്യ പരിപാടി. അതേസമയത്ത് അടുത്തുതന്നെ കെ.എസ്.യു പ്രവർത്തകരെത്തി പൊറോട്ട തീറ്റ മത്സരം നടത്താൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. വടികളും ക്രിക്കറ്റ് ബാറ്റുകളും ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽത്തല്ലിയത്. പൊലീസെത്തി രംഗം ശാന്തമാക്കി. . പരിക്കേറ്റ എട്ട് കെ.എസ്.യു പ്രവർത്തകരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും നാല് എസ്.എഫ്.ഐ പ്രവർത്തകരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വിദ്യാർത്ഥി സംഘടനകൾ പറയുന്നു. വിദ്യാർത്ഥികളുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
'എസ്.എഫ്.ഐ യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ആക്രോശിച്ചെത്തി ക്രൂരമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
പുറമെ നിന്നെത്തിയ ആക്രമി സംഘമാണ് ബാറ്റും ഹോക്കി സ്റ്റിക്ക് ഉൾപ്പെടെ ഉള്ള മാരക ആയുധങ്ങളുമായി എത്തിയത്. കുറ്റക്കാരായ എസ്.എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.'
അലോഷ്യസ് സേവ്യർ
കെ.എസ്.യു എറണാകുളം ജില്ല പ്രസിഡന്റ്
'കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടിയുടെ സമയത്ത് തീറ്റ മത്സരം സംഘടിപ്പിച്ച് കെ.എസ്.യു മന:പ്പൂർവ്വം സംഘർഷം സൃഷ്ടിക്കുകയായിരുന്നു കെ.എസ്.യുവിനോട് സ്ഥലംമാറ്റി നിശ്ചയിക്കണമെന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് കെ.എസ്.യു യൂണിറ്റ് ഭാരവാഹികൾ എത്തി ഗേറ്റിനു സമീപത്തേക്ക് മത്സരസ്ഥലം മാറ്റി നിശ്ചയിച്ചു. അൽപ്പസമയത്തിനുശേഷം മരക്കഷണങ്ങളും കമ്പി വടിയും ക്രിക്കറ്റ് ബാറ്റുമായി യൂണിയൻ പരിപാടി നടക്കുന്നിടത്തേക്ക് കെ.എസ്.യു പ്രവർത്തകർ എത്തുകയായിരുന്നു.
അർജുൻ ബാബു
എസ്.എഫ്.ഐ എറണാകുളം ഏരിയാസെക്രട്ടറി
കോളേജിന് അവധി
എറണാകുളം ഗവ.ലാ കോളേജിൽ ഫെബ്രുവരി 24 മുതൽ മാത്രമേ റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.