കൊച്ചി: എറണാകുളത്തിനും തൃശൂരിനുമിടെ ട്രെയിൻ യാത്രക്കാരിൽ നിന്നു പണം പിരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്ത ഏഴ് ട്രാൻസ്‌ജെൻഡേഴ്‌സിനെ റെയിൽവെ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. രാത്രികാല ട്രെയിനുകളിൽ ഇവർ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്നു നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
പശ്ചിമബംഗാൾ സ്വദേശികളായ ബാബ്‌ളി (23), ചുംമ്കി (25), അസം സ്വദേശികളായ പ്രിയങ്ക (28), സജന (25), ബാസ്രിനിസ (39), കജോൾ (20), സ്വപ്ന (24) എന്നിവരെയാണ് എറണാകുളം ആർ.പി.എഫ് അറസ്റ്റ് ചെയ്തത്. എറണാകുളം റെയിൽവേ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചു ദിവസത്തെ തടവിനും 10,100 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞുമാണു പണം പിരിക്കുന്നത്. യാത്രക്കാരുടെ ദേഹത്ത് സ്പർശിക്കുന്നതും പതിവാണ്. ബെർത്തുകളിൽ അനധികൃതമായി കയറുന്നതായും പരാതി ഉയർന്നിരുന്നു. വിവിധ ട്രെയിനുകളിൽ നിന്നും വലിയൊരു തുകയാണ് പിരിച്ചിരുന്നത്. ട്രാൻസ്‌ജെൻഡർ സംഘടനകൾ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ ഇവരുടെ പക്കലുണ്ടായിരുന്നില്ല.ആർ.പി.എഫ് ഇൻസ്‌പെക്ടർ എ.കെ.പ്രിൻസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.