കൊച്ചി: ഒരു മേഖലയിൽ മാത്രമല്ല സർവ സ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം സൃഷ്ടിക്കാൻ പ്രൊഫഷണലുകളുടെ സഹകരണം ആവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി കുസാറ്റിൽ സംഘടിപ്പിച്ച പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. വരും കാലത്ത് ജോലിതേടി പുറത്തു പോകേണ്ടി വരില്ല. നാട്ടിൽ ജോലി ചെയ്യാനുള്ള അവസ്ഥയുണ്ടാകും. ആഗോള ഭീമന്മാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പല കമ്പനികളും കേരളത്തിൽ നിക്ഷേപത്തിന് സന്നദ്ധരായിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുൾപ്പെടെയുള്ളവയെ നേരിടുന്നതിന് മൂന്നു ലക്ഷത്തിലധികം വോളണ്ടിയർമാരുള്ള സന്നദ്ധ സംഘത്തിന് രൂപം നൽകും. ഇതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു.
ഐ.ടി, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലുൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ വൈദഗ്ദ്ധ്യം സമൂഹത്തിനു വേണ്ടി വിനിയോഗിക്കാൻ തയ്യാറാകണം. കേരളം പൂർണമായി ഡിജിറ്റൽ സംസ്ഥാനമായി മാറുകയാണ്. ഈ സൗകര്യം എല്ലാ പ്രായക്കാർക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.ടി.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ടി.എച്ച്.എസ്.ടി.ഐ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പ്രൊഫ. ഗഗൻദീപ് കാംഗ് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ വിവിധ സർവകലാശാലകളിലെ 2000ത്തിലധികം വിദ്യാർത്ഥികളാണ് രണ്ടാമത് പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റിൽ പങ്കെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, കുസാറ്റ് വൈസ് ചാൻസലർ കെ.എൻ.മധുസൂദനൻ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ഡയറക്‌ടർ ഡോ. അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.