വൈപ്പിൻ: നായരമ്പലം പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശത്തെ നാല്, അഞ്ച് വാർഡുകളിൽകുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ തീവ്രശ്രമം. ഒരു വർഷത്തിനകം നിർമ്മിച്ച റോഡ് വെട്ടിപ്പൊളിക്കുന്നതിനെ ചൊല്ലി തെക്ക് വടക്ക് പ്രദേശക്കാർ തമ്മിൽ തർക്കം. പഞ്ചായത്ത് ഓഫീസ് ഉപരോധം, ജല അതോറിറ്റി ഉപരോധം, സംസ്ഥാന പാത വഴിതടയൽ തുടങ്ങിയ സമരങ്ങളുമായി ഒരു വിഭാഗം. പ്രശ്‌നം എങ്ങിനെയെങ്കിലും ഒത്തുതീർപ്പാക്കുവാൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു മാരത്തോൺ ചർച്ചനടത്തുകയാണ്.
ദുർഗ്ഗാദേവിക്ഷേത്രത്തിന് തെക്ക് ഭാഗത്ത് സുലഭമായി വെള്ളം ലഭിക്കുന്നതിനാൽ അവിടെ നിന്ന് വടക്ക് ഭാഗത്തുള്ള പൈപ്പ് ലൈനുമായി ബന്ധിപ്പിക്കാനുള്ള നിർദ്ദേശമുണ്ടായി. എന്നാൽ ഇതിന് പുതിയതായി നിർമ്മിച്ച പൊതുമരാമത്ത് റോഡ് വെട്ടിപ്പൊളിക്കേണ്ടിവരുമെന്നായപ്പോൾ തെക്കുഭാഗത്തുള്ള ജനങ്ങളും അവിടത്തെ പഞ്ചായത്ത് മെമ്പറും ഹെർബർട്ട് റോഡ് നിർമ്മാണ കമ്മിറ്റിയും എതിർപ്പുമായി രംഗത്തെത്തി. എങ്കിൽ കിഴക്ക് ഭാഗത്തുള്ള ലൈനുമായി ബന്ധിപ്പിക്കാമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചപ്പോൾ വടക്കുഭാഗത്തുള്ളവർ സമരം തുടങ്ങി സംസ്ഥാന പാതയിൽ കുത്തിയിരിപ്പ് നടത്തി ഗതാഗതം തടഞ്ഞപ്പോൾ മറ്റൊരു വിഭാഗം എതിർത്തു. തുടർന്ന് സമരം എം.എൽ.എ. ഓഫീസിനു മുന്നിലായി.
പഞ്ചായത്ത് പ്രസിഡന്റ് ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് തിരുവനന്തപുരത്തുള്ള എം.എൽ.എ. ജല വിഭവ വകുപ്പ് മന്ത്രിയുടെ പി.എ.യുമായി സംസാരിച്ചപ്പോൾ രണ്ട് ദിവസത്തിനകം കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന്ഉറപ്പ് ലഭിച്ചു.
കുഴുപ്പിളളി, ഞാറക്കൽ പഞ്ചായത്തുകളിലേക്കുള്ള പമ്പിംഗ് നിർത്തിവെച്ച് നായരമ്പലത്തേക്കുള്ള പമ്പിംഗ് നടത്തി .
രണ്ട് ദിവസത്തിനകം കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന് ജല അതോറിറ്റി
നായരമ്പലത്തേക്ക് പമ്പിംഗ് നടത്തി ജലവിതരണം സുഗമമാക്കി
ശാശ്വത പരിഹാരത്തിന് ഇനിയും ദിവസങ്ങളെടുക്കും.